sree
ശ്രീകണ്ഠശ്വര ക്ഷേത്രത്തിൽ ധ്വജ പുനഃപ്രതിഷ്ഠയുടെ ഭാഗമായുള്ള പൂജയ്ക്കിടെ ശിവഗിരി മഠം ജനറൽ സെക്രട്ടറി ഋതംബരാനന്ദ സ്വാമികൾ. പറവൂർ രാകേഷ് തന്ത്രി, മേൽശാന്തി ഷിബു ശാന്തി എന്നിവർ സമീപം.

കോഴിക്കോട്: വേദമന്ത്രോച്ചാരണങ്ങളുടെയും വാദ്യമേളങ്ങളുടെയും അന്തരീക്ഷത്തിൽ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ ധ്വജ പുനഃപ്രതിഷ്ഠയായി. ഒട്ടേറെ ഭക്തർ തൊഴുകൈയോടെചടങ്ങിന് സാക്ഷ്യം വഹിച്ചു.

ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ഋതംബരാനന്ദ സ്വാമികളാണ് പുന:പ്രതിഷ്ഠ നിർവഹിച്ചത്. നേരത്തെ 1973 ൽ സ്ഥാപിച്ച കൊടിമരം 49 വർഷങ്ങൾക്ക്‌ ശേഷം പുന:പ്രതിഷ്ഠിക്കുകയായിരുന്നു.

ക്ഷേത്രത്തിൽ പുതുതായി പണിതീർത്ത അപ്പ ശിവലിംഗ ക്ഷേത്രത്തിലെയും നവഗ്രഹ ക്ഷേത്രത്തിലെയും പ്രതിഷ്ഠാകർമ്മങ്ങളും ഇതോടനുബന്ധിച്ച് നടന്നു. തുടർന്ന് കലശപൂജകളുമുണ്ടായിരുന്നു.

രാവിലെ ക്ഷേത്രത്തിലെത്തിയ ഋതംബരാനന്ദ സ്വാമികളെ ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രന്റെ നേതൃത്വത്തിൽ പൂർണകുംഭത്തോടെ വരവേറ്റു. ധ്വജപുന:പ്രതിഷ്ഠാ ചടങ്ങിനുശേഷം പാർത്ഥസാരഥി മണ്ഡപത്തിൽ ഒരുക്കിയ ഭക്തജന സദസ്സിൽ സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തി. സാമൂഹികമായ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കുന്നതോടൊപ്പം എല്ലാ ഗൃഹങ്ങളിലും ഈശ്വരഭക്തി എത്തിക്കണമെന്നാണ് ശ്രീനാരായണ ഗുരുദേവൻ എപ്പോഴും ഓർമ്മിപ്പിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.1888-ൽ അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ മുതൽ കേരളത്തിന്റെ നാനാ ഭാഗങ്ങളിലായി ക്ഷേത്രങ്ങളിൽ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയതിനുള്ള കാരണവും മറ്റൊന്നല്ല. ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠയും അങ്ങനെ വന്നതാണ്. ഒരു കാലത്ത് വിദ്യാഭ്യാസം നേടാനും തൊഴിലെടുക്കാനും ഇഷ്ടദേവനെ ആരാധിക്കാനും വിലക്കുണ്ടായിരുന്ന ഒരു സമൂഹത്തിന് ഗുരുദേവൻ തുടങ്ങിവെച്ച സാമൂഹിക പരിഷ്‌കരണത്തിന്റെ ഫലമായി ഇപ്പോൾ അത്തരം തടസ്സങ്ങളൊന്നുമില്ല. എന്നാൽ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ മാത്രം വിലക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിലെ ചൈതന്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുളള പാവനമായ ഇത്തരം ചടങ്ങുകളിൽ സാക്ഷികളാവുകയെന്നത് പുണ്യകർമ്മമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. സുന്ദർദാസ്, ജോയന്റ്‌ സെക്രട്ടറി സജീവ് സുന്ദർ, ട്രഷറർ കെ.വി. അരുൺ എന്നിവരും സംസാരിച്ചു. ധ്വജപുനഃപ്രതിഷ്ഠ കമ്മിറ്റി കൺവീനർ വിനയകുമാർ പുന്നത്ത്, ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റി കൺവീനർ അനിൽകുമാർചാലിൽ എന്നിവരെ പൊന്നാടയണിയിച്ച് അനുമോദിച്ചു. മീഡിയ കമ്മിറ്റി കൺവീനർ പുത്തൂർമഠം ചന്ദ്രൻ സ്വാഗതവും ജനറൽ സെക്രട്ടറി എടക്കോത്ത് സുരേഷ്ബാബു നന്ദിയും പറഞ്ഞു.