inl-party

കോഴിക്കോട്: തമ്മിൽത്തല്ല് അവസാനിപ്പിച്ച് ഐ.എൻ.എൽ ഒന്നിച്ചു പോയില്ലെങ്കിൽ മന്ത്രിസ്ഥാനം തിരിച്ചെടുക്കാൻ ഉറപ്പിച്ച് സി.പി.എം നേതൃത്വം. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ഐ.എൻ.എൽ മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.പി.അബ്ദുൽ വഹാബുമായുള്ള ഫോൺ സംഭാഷണത്തിൽ കർക്കശ നിലപാട് വ്യക്തമാക്കിയതായാണ് വിവരം. ഇടതുമുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലാണ് ഐ.എൻ.എല്ലിലെ തർക്കങ്ങളും പോരും. ഒരു സുപ്രഭാതത്തിൽ പാർട്ടി തന്നെ ഇല്ലാതാകുന്നത് അംഗീകരിക്കാനാവില്ല. ഒത്തൊരുമിച്ച് പോകുന്നെങ്കിൽ മാത്രമേ മന്ത്രിസ്ഥാനവും മുന്നണിയിലെ സ്ഥാനവുമുണ്ടാവൂ എന്നു കോടിയേരി അറിയിച്ചു.

സംസ്ഥാന കൗൺസിലടക്കം എല്ലാ സമിതികളും ദേശീയ നേതൃത്വം പിരിച്ചുവിട്ടതോടെ ,വീണ്ടും ചേരിതിരിഞ്ഞുള്ള യുദ്ധം മുറുകി. ഒരു ഭാഗത്ത് മന്ത്രി അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസി ഇരുക്കൂറും മേധാവിത്വം ഉറപ്പിക്കുമ്പോൾ, മറുവശത്ത് സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.പി.അബ്ദുൽ വഹാബും അനുയായി വൃന്ദവും വെല്ലുവിളി തുടരുകയാണ്. മന്ത്രി സ്ഥാനം ലഭിച്ചതു മുതൽ തുടങ്ങിയ പോര് ഒരു ഘട്ടത്തിൽ തെരുവു യുദ്ധത്തിലേക്ക് വരെ എത്തിയതിനു പിറകെ, കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ മദ്ധ്യസ്ഥചർച്ചയിലാണ് വെടിനിറുത്തിയത്.

സംസ്ഥാന സമിതികൾ ഏകപക്ഷീയമായി പിരിച്ചുവിടാൻ ദേശീയ കൗൺസിലിന് അധികാരമില്ലെന്നിരിക്കെ, സംസ്ഥാന ഘടകവുമായി മുന്നോട്ടുപോകുമെന്ന് ആവർത്തിക്കുകയാണ് അബ്ദുൾ വഹാബ് പക്ഷം. മുന്നണിയിൽ അനുവദിച്ച ബോർഡ് - കോർപ്പറേഷൻ സ്ഥാനങ്ങളിൽ ഐ.എൻ.എൽ പ്രതിനിധികളെ ഇനിയും നിയോഗിച്ചിട്ടില്ല. പാർട്ടിയുമായി പുലബന്ധം പോലുമില്ലാത്തവരെ പണം വാങ്ങി നിയമിക്കുന്നത് തടഞ്ഞതാണ് തനിക്കെതിരെ ഒരു വിഭാഗം പട നയിക്കുന്നതിന് പിന്നിലെന്ന് അബ്ദുൽ വഹാബ് പറയുന്നു.


കാന്തപുരവുമായി

വീണ്ടും ചർച്ച
പാർട്ടിയിലെ ആഭ്യന്തരപ്രശ്നം വീണ്ടും മൂർച്ഛിച്ചതിനിടെ പ്രൊഫ.അബ്ദുൽ വഹാബ് ഇന്നലെ കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരുമായി കൂടിക്കാഴ്ച നടത്തി. മദ്ധ്യസ്ഥത ചർച്ചയിൽ ധാരണയിലെത്തിയ തീരുമാനങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് അഡ്‌ഹോക് കമ്മിറ്റിയുണ്ടാക്കിയതെന്ന ആക്ഷേപമാണ് മുഖ്യമായും അദ്ദേഹത്തിന്റേത്.. കാന്തപുരത്തെ മറുവിഭാഗവും സമീപിക്കുന്നുണ്ടെന്നാണ് വിവരം.