പുൽപ്പള്ളി: വനഗ്രാമമായ വെളുകൊല്ലി നിവാസികളുടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായുള്ള സ്വപ്നമായിരുന്നു റോഡ് എന്നത്. അതാണ് ഇപ്പോൾ സഫലമായത്. ഇതോടെ നൂറിൽപ്പരം കുടുംബങ്ങൾക്കിനി വന്യമൃഗങ്ങളെയും മറ്റും പേടിക്കാതെ വാഹനത്തിൽ യാത്ര ചെയ്യാം.

വനഗ്രാമമായ വെളുകൊല്ലിയിലേക്ക് കുറിച്ചിപ്പറ്റയിൽ നിന്ന് വനത്തിലൂടെ നടന്നായിരുന്നു ഇതുവരെ യാത്ര ചെയ്തിരുന്നത്. പലപ്പോഴും വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകേണ്ടിയും വന്നിട്ടുണ്ട്.
വനഗ്രാമമായ ഇവിടെ 17 എസ്ടി കുടുംബങ്ങളും നൂറോളം ജനറൽ വിഭാഗത്തിൽപ്പെട്ടവരുമാണ് താമസിക്കുന്നത്. യാത്രചെയ്യുന്നതിന് ഒരു റോഡ് പോലുമില്ല. പ്രദേശവാസികൾ വനത്തിലൂടെ നടന്നാണ് പുറംലോകത്ത് എത്തിയിരുന്നത്. ആർക്കെങ്കിലും രോഗമോ മറ്റോ വന്നാൽ വാഹനസൗകര്യമില്ലാത്തതിനാൽ കുറിച്ചിപ്പറ്റ വരെ കസേരയിൽ ഇരുത്തി എടുത്തുകൊണ്ട്‌പോവുകയായിരുന്നു പതിവ്.
മൂന്ന് കിലോമീറ്റർ വരുന്ന റോഡ് ടാറിംഗ് പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് തുറന്ന് കൊടുത്തത്. രൂക്ഷമായ വന്യമൃഗശല്യമുള്ള ഈ പ്രദേശത്തേക്ക് വാഹനം വിളിച്ചാൽ ആരും പോകാറില്ല. രോഗികളടക്കം ഇക്കാരണത്താൽ ഏറെ ദുരിതം അനുഭവിച്ചിരുന്നു. 50 ലക്ഷം രൂപ ചെലവിലാണ് വനത്തിലൂടെയുള്ള റോഡ് നിർമ്മിച്ചത്. റോഡ് ഗതാഗതത്തിനായി കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ തുറന്ന് കൊടുത്തു.