
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വനിതാ സെല്ലിലെ ഒരു അന്തേവാസിയുൾപ്പെടെ രണ്ടു പേർ ഇന്നലെ ചാടിപ്പോയി. മലപ്പുറം സ്വദേശിയായ ഉമ്മുക്കുൽസു (42) ചുമർ തുരന്ന് പുറത്തു ചാടിയപ്പോൾ കോഴിക്കോട് നടക്കാവ് സ്വദേശി ഷംസുദ്ദീൻ (39) രാവിലെ ഏഴു മണിയോടെ കുളിക്കാൻ കൊണ്ടുപോകുന്നതിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു. വൈകിട്ട് മലപ്പുറം കളക്ടറെ ബംഗ്ളാവിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഉമ്മുക്കുൽസുവിനെ പൊലീസ് വനിതാ സെല്ലിന് കൈമാറി. ഷംസുദ്ദീനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
അഞ്ചാം വാർഡിലെ സെല്ലിന്റെ പഴയ ചുമർ വെള്ളം കൊണ്ട് നനച്ച് പ്ലേറ്റ് ഉപയോഗിച്ച് തുരന്നാണ് വെളുപ്പിന് ഉമ്മുക്കുൽസു പുറത്തുകടന്നത്.
ബുധനാഴ്ചയുണ്ടായ കൊലപാതകത്തിന് പിറകെ പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഡിഷണൽ ഡി.എം.ഒ ആശുപത്രിയിൽ ഇന്നലെ വീണ്ടും പരിശോധന നടത്തി. ബുധനാഴ്ച രാത്രി കൊല നടന്നിട്ടും ആശുപത്രി അധികൃതർ അറിഞ്ഞത് വ്യാഴാഴ്ച പുലർച്ചെയാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുത്തു. മറ്റ് അന്തേവാസികളിൽ നിന്നും വിവരങ്ങൾ തേടി. ജീവനക്കാരുടെ കുറവാണ് സുരക്ഷാവീഴ്ചയ്ക്ക് കാരണമെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ.
ആകെ 469 അന്തേവാസികളാണ് ഇവിടെയുള്ളത്. ഇവരിൽ 168 പേർ സ്‌ത്രീകളാണ്. സുരക്ഷയ്ക്കായുള്ളത് നാലു താത്‌കാലിക ജീവനക്കാർ മാത്രം. ഒരു വനിത പോലുമില്ല കൂട്ടത്തിൽ.
ഉമ്മുക്കുൽസു എത്തിയത് കളക്ടറുടെ ബംഗ്ലാവിൽ
കുതിരവട്ടത്ത് നിന്ന് ഉമ്മുക്കുൽസു പോയത് മലപ്പുറം കളക്ടറുടെ ബംഗ്ലാവിലേക്ക്. വൈകിട്ട് അഞ്ചോടെ അവിടെയെത്തി കളക്ടറെ കാണണമെന്നും പരാതി നൽകാനുണ്ടെന്നും പറഞ്ഞു. കളക്ടർ എത്തിയിട്ടില്ലെന്ന് അറിയിച്ച പാറാവുകാരനോട് താൻ കുതിരവട്ടത്തു നിന്നു ചാടിയതാണെന്ന് പറഞ്ഞു. പാറാവുകാരൻ നയത്തിൽ അവരെ അവിടെ നിറുത്തിയ ശേഷം വനിതാ സെല്ലിൽ ബന്ധപ്പെടുകയായിരുന്നു. സെല്ലിൽ പാർപ്പിക്കുന്ന വിഷയത്തിൽ പരാതിയുണ്ടെന്നാണ് പിന്നീട് പൊലീസിനോട് പറഞ്ഞത്
ജിയറാമിന്റെ കൊലപാതകം കൊൽക്കത്തക്കാരി അറസ്റ്റിൽ
മഹാരാഷ്‌ട്ര സ്വദേശിനി ജിയറാം ജലോട്ടിനെ സെല്ലിൽ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സഹഅന്തേവാസി കൊൽക്കത്തക്കാരി തസ്‌മിം ബാനുവിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി.ഭർത്താവിനെ തേടി തലശ്ശേരിയിൽ എത്തിയ മഹാരാഷ്ട്ര സ്വദേശി ജിയറാം മനോനില തെറ്റിയതോടെയാണ് കുതിരവട്ടത്ത് എത്തിപ്പെട്ടത്. കഴുത്ത് ഞെരിച്ചും തല ചുമരിലിടിച്ചുമായിരുന്നു കൊലപാതകം.
ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർഅന്വേഷിക്കും
തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ തുടർച്ചയായി ഉണ്ടായ സുരക്ഷാ വീഴ്ചകളെക്കുറിച്ച്
മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ.എസ്. ഷിനു അന്വേഷിക്കും.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ മന്ത്രി വീണാ ജോർജിൻെറ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ഇതോടൊപ്പം മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെയെയയും ചുമതലപ്പെടുത്തി. മാനസികാരോഗ്യ കേന്ദ്രങ്ങളുടെെ ആധുനികവത്കരണം, അടിസ്ഥാന സൗകര്യ വികസനം, തുടങ്ങിയവ സംബന്ധിച്ച് പഠനം നടത്താനാണ് പ്രത്യേക സമിതിയെ നിയോഗിക്കുന്നത്.