school
ഇതിൽ കുറേ എഴുതാല്ലോ... കോഴിക്കോട് തിരുവണ്ണൂർ ഗവ. പ്രീ - പ്രൈമറി സ്‌കൂൾ നീണ്ട ഇടവേള പിന്നിട്ട് തുറന്നപ്പോൾ ക്ലാസിൽ അടുത്തിരിക്കുന്ന കുട്ടിയുടെ പുതിയ സ്ലേറ്റ് കൗതുകത്തോടെ നോക്കുകയാണ് സഹപാഠി. ഫോട്ടോ: രോഹിത്ത് തയ്യിൽ

കോഴിക്കോട്: നീണ്ട ഇടവേളയ്ക്കുശേഷം സ്കൂൾ അങ്കണങ്ങൾ വീണ്ടും വസന്തകാല നിറവിലേക്ക്.

കൊവിഡും വകഭേദങ്ങളും ഉയ‌‌ർത്തിയ ഭീതിയിൽ നിന്ന് സ്കൂളുകൾ മുഴുവനായി തുറക്കാനെടുത്തത് 22 മാസം. പല സ്കൂളുകളിലും കുഞ്ഞുകുട്ടികളെ വരവേൽക്കാൻ ഇന്നലെ പ്രവേശനോത്സവം ഒരുക്കിയിരുന്നു. രക്ഷിതാക്കളുടെ കൈയിൽ തൂങ്ങിയെത്തിയ നവാഗതർക്ക് പുതിയ ലോകം തുറന്നുകിട്ടിയ ആഹ്ളാദമായിരുന്നു. മാസങ്ങൾക്ക് ശേഷം ചങ്ങാതിമാരെയും പ്രിയ അദ്ധ്യാപകരയെയും കണ്ടവരാകട്ടെ മനസ് തുറന്നു സന്തോഷം പ്രകടിപ്പിക്കാനും മറന്നില്ല.

ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിലാണ് ക്ലാസുകൾ. ഒരാഴ്ചത്തേക്ക് ഒമ്പത് വരെയുള്ള ക്ലാസുകൾ ബാച്ചു തിരിച്ച് ഉച്ച വരെ പ്രവർത്തിക്കും. അതിനു ശേഷം പൂർണസമയമാവും. ഇന്നലെ കുട്ടികളെ താപനില പരിശോധിച്ചും സാനിറ്റൈസർ നൽകിയും കരുതലോടെയാണ് ക്ലാസുകളിലേക്ക് കത്തിവിട്ടത്. മിക്കയിടത്തും കുട്ടികളെ എത്തിക്കാൻ സ്കൂൾ ബസ്സുകളുമുണ്ടായിരുന്നു. 21 മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണ രീതിയിൽ പഠനത്തിനുള്ള ക്രമീകരണമാണ് ഏർപ്പെടുത്തുന്നത്

നിലവിൽ 10,11,12 ക്ലാസുകൾ മുഴുവൻ സമയം പ്രവർത്തിക്കുന്നുണ്ട്. പാഠഭാഗങ്ങൾ വേഗം തീർക്കേണ്ടതിനാൽ മാർച്ച് വരെ പൊതുഅവധിയൊഴികെയുള്ള ശനിയാഴ്ചകൾ പ്രവർത്തിദിനമായിരിക്കും. 1 മുതൽ 9 വരെ ക്ലാസുകളിൽ വാർഷിക പരീക്ഷയുണ്ടാവും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാർച്ച് 16 തന്നെ ആരംഭിക്കും.

രണ്ടാംതരംഗം അവസാനിച്ചതോടെ സ്‌കൂളുകൾ ഭാഗികമായി തുറന്നിരുന്നുവെങ്കിലും മൂന്നാം തരംഗവും ഒമിക്രോണും വീണ്ടും കുട്ടികളെ അകത്തിരുത്തുകയായിരുന്നു. കൊവിഡ് വ്യാപനത്തോത് വീണ്ടും കുറഞ്ഞതോടെയാണ് സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്ന് സാധാരണനിലയിൽ പ്രവർത്തനം എത്തുന്നത്.

 കുരുന്നിടങ്ങളിൽ

കുസൃതിക്കൂട്ടവും

വീടുകളിലെ ചിരികളികളിൽ മടുത്ത കുരുന്നുകളും ഇന്നലെ അങ്കണവാടികളിലെത്തി. മധുരം നൽകിയാണ് കുട്ടികളെ വരവേറ്റത്. കഥകൾ പറഞ്ഞുപിടിച്ചിരുത്തുകയായിരുന്നു പുതുക്കക്കാരെ ടീച്ചർമാർ. ഒരു ഘട്ടം കടന്നപ്പോൾ പാട്ടുകളായി.

പലർക്കും ആദ്യമായി ക്ലാസ് മുറിയിൽ എത്തിയതിന്റെ അങ്കലാപ്പുണ്ടായിരുന്നെങ്കിലും പതിയെ മറ്റു കുട്ടികളുമായി കൂട്ടുകൂടാൻ തുടങ്ങിയതോടെ മറ്റെല്ലാം മറന്നു. രക്ഷിതാക്കളിൽ മിക്കവരും പുറത്തുതന്നെ കാത്തുനില്പുണ്ടായിരുന്നു.

മുഖത്ത് നിന്ന് മാസ്ക് മാറ്റാൻ തിടുക്കം കൂട്ടുകയായിരുന്നു ചിലർ. അവരെ തിരികെ മാസ്‌ക് വെപ്പിക്കാൻ അദ്ധ്യാപകരും രക്ഷിതാക്കളും വിഷമിച്ചു. തുടർച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് അങ്കണവാടികളും തുറക്കാൻ വനിതാ ശിശുവികസന വകുപ്പ് തീരുമാനിച്ചത്.