lockel
പടം : വടക്കുമ്പാട് പുഴയോരത്തെ പശുവളർത്തൽ കേന്ദ്രം. മുന്നിൽ നിൽക്കുന്നത് ക്ഷീര കർഷകനായ ജാഫർ.

കടലുണ്ടി : കരുവൻതിരുത്തി അറയ്ക്കൽ കളത്തുങ്കൽ ജാഫർ പ്രവാസ ജീവിതം മതിയാക്കിയത് പശു പരിപാലനത്തിൽ ആനന്ദം കണ്ടെത്തുവാനാണ്. പിതാവായ കുഞ്ഞിക്കമ്മു പശുക്കളെ പോറ്റിയാണ് ജീവിതം പുലർത്തിയത്. അതു കണ്ടു വളർന്ന ജാഫറും അതേ വഴി സ്വീകരിക്കുകയായിരുന്നു.അങ്ങനെയാണ് 16 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി കരുവൻതിരുത്തി ​മഠത്തിൽ പാടത്ത് 16 പശുക്കളുമായി ഫാം തുടങ്ങിയത്. അവിടെ സ്ഥലവും സൗകര്യവും പോരാതെ വന്നതോടെ ഒടുവിൽ കടലുണ്ടി പഞ്ചായത്തിൽ വടക്കുമ്പാട് റയിൽവേ പാലത്തിനു പടിഞ്ഞാറു ഭാഗത്ത് പുഴയുടെ തീരത്തായി ഒന്നര ഏക്കറോളം സ്ഥലം ​ ​പാട്ടത്തിനു കിട്ടി.

2020ൽ ഫാം അവിടേയ്ക്കു മാറ്റി. പശുക്കൾക്കായി ഇവിടെ ആധുനിക സൗകര്യങ്ങളോടെ രണ്ടു ഷെൽട്ടറുകളും നിർമ്മിച്ചു. ഒന്നിന് 30 മീറ്റർ നീളവും 6 മീറ്റർ വീതിയുമുണ്ട്. മറ്റൊന്ന് 10 മീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ളതാണ്. ജേഴ്സി, എച്ച് എഫ് ഇനങ്ങളിൽ പെട്ടവയാണ് പശുക്കൾ. തമിഴ് നാട്ടിലെ പൊള്ളാച്ചിയിൽ നിന്നാണ് പശുക്കളെ കൊണ്ടുവരുന്നത്. പശുക്കളുടെ പരിപാലനത്തിൽ ജാഫർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. രണ്ടു നേരം കുളിപ്പിക്കും.തീറ്റകൾ കൃത്യമായി നൽകും. പശുക്കളെ നോക്കാൻ അഞ്ചു ജോലിക്കാരാണുള്ളത്. ജാഫറും പശുക്കളോടൊത്തു ഫാമിൽ തന്നെയാണ് താമസം. ഇപ്പോൾ 21 പശുക്കളാണുള്ളത് . 260 ലിറ്റർ പാൽ വിൽക്കുന്നു. മുമ്പ് 40 പശുക്കൾ വരെ ഉണ്ടായിരുന്നു. അന്ന് 600 ലിറ്റർ വരെ പാൽ ലഭിച്ചിരുന്നതായി ജാഫർ പറയുന്നു. പഞ്ചായത്തിന്റെ ലൈസൻസ്, പശുക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ, ഫാമിൽ കുടിവെള്ളത്തിന്റെ കണക്ഷൻ എന്നിവയ്ക്കെല്ലാമുള്ള ഓട്ടത്തിലാണ് ഈ ക്ഷീരകർഷകൻ.

8-ാം ക്ലാസ്സിൽ പഠനം നിർത്തിയ 49 കാരനായ ജാഫറിന് ഭാര്യയും 10 ഉം 8 ഉം വയസ്സുള്ള രണ്ടു കുട്ടികളുമാണുള്ളത്.