
കോഴിക്കോട്: അഴീക്കോട് ഹൈസ്‌കൂളിൽ പ്ലസ് ടു കോഴ്‌സ് അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നതടക്കമുള്ള കേസിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജിയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വീണ്ടും ചോദ്യം ചെയ്തു. തുടരന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് തുടങ്ങിയ ചോദ്യംചെയ്യൽ രാത്രി വൈകി വരെ നീണ്ടു.
സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ നേരത്തെ ഷാജിയ്ക്ക് സാവകാശം നൽകിയിരുന്നു. നിശ്ചിതസമയത്തിനകം ഇവ ഹാജരാക്കാതിരുന്ന സാഹചര്യത്തിൽ ഇ.ഡി ഓഫീസിലേക്ക് വീണ്ടും വിളിപ്പിക്കുകയായിരുന്നു. നേരത്തെ മൂന്നു തവണ ഇ.ഡി സംഘം ഷാജിയെ ചോദ്യം ചെയ്തിട്ടുണ്ട്.
പ്ലസ് ടു കോഴയ്ക്കു പുറമെ നികുതി വെട്ടിപ്പിലൂടെ വൻതുക അനധികൃതമായി സമ്പാദിച്ചുവെന്ന കേസ് കൂടിയുണ്ട്.
പ്ലസ്ടു കേസിലാണ് ആദ്യം അന്വേഷണം തുടങ്ങിയത്. കോഴിക്കോട് വേങ്ങേരി വില്ലേജിലെ മാലൂർകുന്നിൽ ഭാര്യയുടെ പേരിൽ നിർമ്മിച്ച ആഡംബരവീട് സംബന്ധിച്ചും പിന്നീട് അന്വേഷണം വന്നു.
അനുവദിച്ചതിലേറെ വലിപ്പത്തിൽ വീട് നിർമ്മിച്ചതായും ആഡംബര നികുതിയുൾപ്പെടെ ഒടുക്കിയില്ലെന്നും കണ്ടെത്തി. തുടർന്നാണ് വിശദമായ ചോദ്യംചെയ്യലിലേക്ക് കടന്നത്.