ഫറോക്ക് :​ ​ബേപ്പൂർ മണ്ഡലത്തിലെ അഞ്ചു ഇലക്ട്രിക്കൽ സെക്ഷനുകളിലായി 21 കേന്ദ്രങ്ങളിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾക്ക് അനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു ഇലക്ട്രിക് സ്കൂട്ടറുകൾ , ഓട്ടോറിക്ഷകൾ എന്നിവയ്ക്കായാണ് പുതിയ ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.​ ​മണ്ഡലത്തിലെ ബേപ്പൂർ , അരീക്കാട് , ഫറോക്ക് ,കടലുണ്ടി ,രാമനാട്ടുകര എന്നീ അഞ്ചു ഇലക്ട്രിക്കൽ സെക്ഷനുകൾക്കു കീഴിലും പ്രധാന ട്രാൻസ്ഫോർമറുകളെ ബന്ധപ്പെട്ടുത്തി വാഹനങ്ങൾക്ക് നിറുത്താനും മറ്റു വാഹനയാത്രയ്ക്ക് തടസ്സമുണ്ടാകാതിരിക്കുന്നതിനും സൗകര്യപ്രദമായ കേന്ദ്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.

കെ.എസ്.ഇ.ബിയുടെ പ്രധാന പോസ്റ്റുകളിലാകും ചാർജിംഗ് സംവിധാനമേർപ്പെടുത്തുന്നത്. അന്തിമ പരിശോധനയിൽ അസൗകര്യങ്ങൾ ബോദ്ധ്യപ്പെട്ടാൽ കേന്ദ്ര മാറ്റാനും അനുയോജ്യവും സുരക്ഷിതവുമായ ഏതെങ്കിലും കെട്ടിടങ്ങളുടെ മതിലുകളിലും സ്ഥാപിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ 140 നിയമ സഭാ മണ്ഡലങ്ങളിൽ വിവിധയിടങ്ങളിലായി ഇതുവരെ 912 കേന്ദ്രങ്ങളിലാണ് ചാർജിംഗ് സ്റ്റേഷനുകൾക്ക് അനുമതി നൽകിയിട്ടുള്ളത്.