ഉദ്ഘാടനം ചെയ്തിട്ട് രണ്ട് വർഷം പിന്നിടുമ്പോഴും പ്രവൃത്തി പാതിവഴിയിൽ
മുക്കം: ഏറെ കൊട്ടിഘോഷിച്ച മുക്കം നഗര സൗന്ദര്യവത്‌കരണ പദ്ധതി ഇഴയുന്നു. പദ്ധതി ഉദ്‌ഘാടനം ചെയ്ത് രണ്ട് വർഷം പിന്നിടുമ്പോഴും പ്രവൃത്തി പാതിവഴിയിലാണ്. ഇതോടെ മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന റോഡുപണിയിൽ വലഞ്ഞിരിക്കുകയാണ് നാട്ടുകാർ.
2019-20 ലെ സംസ്ഥാന ബജറ്റിൽ 7.37 കോടി രൂപ വകയിരുത്തിയ ടൗൺ സൗന്ദര്യവത്കരണ പ്രവൃത്തി 2020 സെപ്തംബർ 17 ന് അന്നത്തെ പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരനാണ് ഉദ്ഘാടനം ചെയ്തത്. മുക്കം അഭിലാഷ് ജംഗ്ഷൻ മുതൽ മുക്കം കടവ് (പാലം) വരെയുള്ള ഭാഗമാണ് സൗന്ദര്യവത്കരണത്തിൽ ഉൾപ്പെടുത്തി നവീകരിക്കാൻ പദ്ധതിയുള്ളത്. ഈ ഭാഗത്ത് നാലു ലൈൻ ട്രാഫിക്, കലുങ്കുകൾ, ഡ്രെെെയ്നേജുകൾ, ടൈൽ വിരിച്ച നടപ്പാത, ഹാന്റ് റെയിൽ, പുല്ലു വിരിച്ച മീഡിയൻ എന്നിവയും അഭിലാഷ് ജംഗ്ഷൻ മുതൽ അങ്ങാടിയുടെ മദ്ധ്യത്തിൽ (ആൽമരവും പാർക്കും) വരെ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡുമാണ് ഉണ്ടാവേണ്ടത്. ആൽമരത്തിന്റെ പരിസരം മുതൽ പി. സി. ജംഗ്ഷൻ വരെ ഇന്റർലോക്ക് വിരിച്ച പാതയും.എന്നാൽ ഇക്കാലമത്രയും പണിതിട്ട് ഡ്രെെയ്നേജ് പോലും പൂർത്തിയായിട്ടില്ല.
പി.സി.റോഡിൽ ഇറ്റർലോക്ക് വിരിക്കുന്ന ജോലിയാണ് കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്നത്. പഴയ റോഡിൽ നിന്ന് ഉയർത്തി നിർമ്മിച്ച ഡ്രെെയ്നേജ് മിക്ക വ്യാപാര സ്ഥാപനങ്ങളിലേയ്ക്കുമുള്ള പ്രവേശനം ദുഷ്കരമാക്കിയിരിക്കുകയാണ്. കാസർഗോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.എം.കെ.കൺസ്ട്രക്‌ഷൻസിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്. പദ്ധതി എന്ന് പൂർത്തിയാകുമെന്ന ചോദ്യത്തിൽ കെെ മലർത്തുകയാണ് ഇവരും. അതേ സമയം കോടികൾ മുടക്കി ഇത്ര ചെറിയ പ്രവൃത്തി നടത്തുന്നതിൽ അഴിമതിയയുണ്ടെന്ന് ആരോപിച്ച് ജെ.പി.യും കോൺഗ്രസും രംഗത്തുണ്ട്. റോഡുപണിയിൽ അഴിമതി ആരോപിച്ച് ഇക്കഴിഞ്ഞ 5-ന് മുക്കത്ത് . ബി.ജെ.പി മുക്കം മണ്ഡലം കമ്മിറ്റി നിൽപു സമരം നടത്തിയിരുന്നു.
600 മീറ്റർ റോഡ് നവീകരിക്കാൻ ആറു കോടി രൂപ നൽകുമ്പോൾ 100 മീറ്ററിന് ഒരു കോടി രൂപയുടെ എന്തു പ്രവൃത്തിയാണ് ഇവിടെ നടക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കണം,. പണി യഥാ സമയം പണി പൂർത്തിയാക്കാതെ നീട്ടിക്കൊണ്ടുപോയതിനാൽ 1.40 കോടി രൂപ അധിക ചെലവ് വന്നിട്ടുണ്ട്- മണ്ഡലം പ്രസിഡന്റ് വി.സി. ജയപ്രകാശ്