ഗോതീശ്വരത്ത് കടൽഭിത്തി തക‌ർന്ന് തറ കാണുന്ന പരുവത്തിൽ.

കോഴിക്കോട്: കാലവർഷത്തിന്റെ വരവ് ആലോചിക്കുമ്പോൾ തന്നെ ബേപ്പൂർ ഗോതീശ്വരം തീരവാസികൾക്ക് ആധി കയറുകയാണ്. തകർന്നടിഞ്ഞ കടൽഭിത്തിയ്ക്ക് പകരമുള്ള നിർമ്മാണം ഇനിയെന്നു തുടങ്ങാനാണെന്ന ചോദ്യമാണ് ഈ ഭാഗത്തെ കുടുംബങ്ങളുടേത്.
ഗോതീശ്വരം ചിൽഡ്രൻസ് പാർക്ക് മുതൽ ഗോതീശ്വരം ക്ഷേത്രം വരെ നീളുന്ന 535 മീറ്റർ ഭാഗത്ത്

കടൽഭിത്തി പേരിനു പോലുമില്ലെന്ന അവസ്ഥയാണിപ്പോൾ. തകർന്ന ഭിത്തിയുടെ തറ കാണാം അങ്ങിങ്ങായി. അത്ര തന്നെ.

ഏറെക്കാലമായി മഴക്കാലത്ത് ഇവിടത്തുകാർക്ക് ഉറക്കമില്ലാത്ത നാളുകളാണ്. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ വീടുകളിലേയ്ക്ക് വരെ കൂറ്റൻ തിരമാലകൾ ചീറിയടിച്ചെത്തും. രാത്രി വൈകിയാലും തല ചായ്ക്കാൻ പേടിയാണ്. മഴക്കാലം കഴിയുന്നതോടെ കടൽ ഇവിടെ തീർത്തും ശാന്തമായിരിക്കും.

ഗോതീശ്വരത്ത് കടൽഭിത്തി നിർമ്മിക്കണമെന്ന് മാറി മാറി വരുന്ന ഭരണകൂടങ്ങളോട് നിരന്തരം ആവശ്യപ്പെടാറുള്ളതാണ്. ഇപ്പോ ശരിയാക്കാമെന്ന വാഗ്ദാനവും പതിവായുണ്ടാവും. പക്ഷേ, ഒന്നും സംഭവിക്കാറില്ല. കയർവലയിൽ കരിങ്കല്ലുകൾ അടുക്കിയുയർത്തിയുള്ള ഗാബിയോൺ ബോക്സ് മാതൃകയിൽ നേരത്തെ ഇവിടെ നിർമ്മിച്ച കടൽഭിത്തിയും തീരെ നശിച്ച നിലയിലായി.

ഭിത്തി കെട്ടാൻ ജലവിഭവ വകുപ്പ് സമർപ്പിച്ച പദ്ധതിയ്ക്ക് മൂന്നു വട്ടം എസ്റ്റിമേറ്റ് പുതുക്കി നൽകിയതാണ്. ഇനിയും സർക്കാർ അനുമതിയാവാത്തതാണ് പ്രശ്നം. ഇവിടെയുള്ള കുടുംബങ്ങളെ മറ്റൊരിടത്തേയ്ക്ക് പറിച്ചുനടുക പ്രായോഗികമല്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. കടലിലിറങ്ങിയുള്ള പണിയല്ലാതെ മറ്റൊരു തൊഴിൽ അറിയില്ലെന്നതു തന്നെ കാര്യം. മഴക്കാലത്ത് പേടി കൂടാതെ കിടന്നുറങ്ങാനാവുന്ന അവസ്ഥയ്ക്കായി ഇനി എത്രകാലം കാത്തിരിക്കേണ്ടി വരുമെന്നാണ് തീരദേശവാസികൾ ചോദിക്കുന്നത്.

പലരും മറ്റു വഴിയില്ലാതെ ഒഴിഞ്ഞുപോകാൻ വരെ ആലോചിച്ചുപോവുകയാണെന്ന് മത്സ്യത്തൊഴിലാളി സുനീഷ് പറയുന്നു. കുടുംബത്തിന്റെ ജീവൻ നോക്കാതെ പറ്റില്ലല്ലോ. പക്ഷേ, ഞങ്ങൾക്ക് ഇതല്ലാതെ മറ്റൊരു പണി അറിയില്ല. മറ്റെവിടെയെങ്കിലും സ്ഥലം വാങ്ങാനോ വീടുണ്ടാക്കാനോ ഉള്ള പണവുമില്ല; അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

 ''ഇവിടെ നിന്ന് മാറി 10.4 ലക്ഷം രൂപയുടെ വീട് വെച്ചാൽ 10.2 ലക്ഷം രൂപ തരാമെന്നാണ് പറയുന്നത്. പത്തു ലക്ഷം പോയിട്ട്, പതിനായിരം രൂപയില്ല തികച്ച് എടുക്കാൻ.

ദീപ, വീട്ടമ്മ