സുൽത്താൻ ബത്തേരി: 2013 ൽ ഭൂരഹിതരായ ആദിവാസികൾക്ക് 'ആശിക്കും ഭൂമി ആദിവാസിക്ക്' എന്ന പദ്ധതിയിൽ കീഴിൽ പതിച്ചു നൽകിയ ഭൂമിക്ക് നികുതി സ്വീകരിക്കാൻ വഴിയൊരുങ്ങി.
14 കുടുംബങ്ങൾക്ക് 36 സെന്റ് വീതം പതിച്ചു നൽകിയിട്ടും ഭൂനികുതി സ്വീകരിക്കുന്നില്ലെന്ന പരാതിയിൽ അടിയന്തിരമായി ഇടപെടാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് വയനാട് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.
തുടർന്ന് സുൽത്താൻ ബത്തേരി തഹസിൽദാർ കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. 14 കുടുംബങ്ങൾക്ക് പാടിച്ചിറ വില്ലേജിൽ ഭൂമി അനുവദിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭൂമിക്ക് നികുതി സ്വീകരിക്കാൻ നടപടികൾ സ്വീകരിക്കും. പരാതിക്കാരുടെ 0.1356 ഹെക്ടർ ഭൂമിക്ക് 2021 ൽ ഡിസംബറിൽ നികുതി സ്വീകരിച്ചിട്ടുണ്ടെന്നും മറ്റ് 13 കൈവശക്കാർക്ക് നികുതി ഒടുക്കുന്നതിനായി അറിയിപ്പ് നൽകിയിട്ടുണ്ടെന്നും സുൽത്താൻ ബത്തേരി തഹസിൽദാർ കമ്മീഷനെ അറിയിച്ചു. അമരക്കുനി പണിയ കോളനിയിലെ താമസക്കാരായ ബാലനും ലില്ലിയും സമർപ്പിച്ച പരാതിയിലാണ് നടപടി.