
കോഴിക്കോട്: കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എരഞ്ഞിപ്പാലത്തെ വാട്ടർ അതോറിറ്റി ഓഫീസിലെ അസി. എൻജിനിയർ ഇ.ടി. സുനിൽകുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. അമൃത് പ്രോജക്ട്- 4 കരാറുകാരനിൽ നിന്ന് പതിനായിരം രൂപ കൈപ്പറ്റുന്നതിനിടയിലാണ് ഇന്നലെ വൈകിട്ട് കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്.പി ഇ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കരാറുകാരൻ നേരത്തെ 7 ലക്ഷം രൂപ കെട്ടിവച്ചിരുന്നു. പണി പൂർത്തിയാക്കി ഗാരന്റിസമയമായപ്പോൾ കഴിഞ്ഞ ഒക്ടോബറിൽ തുക മടക്കി ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചു. പല തവണ എ.ഇയെ സമീപിച്ചിട്ടും തുക അനുവദിച്ചില്ല. പിന്നീട് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടപ്പോൾ കരാറുകാരൻ വിജിലൻസിൽ പരാതി നൽകി.
പ്രതിയെ വൈകിട്ട് കോഴിക്കോട് വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കി.