കോഴിക്കോട്: വരക്കൽ ബീച്ചിൽ ഉപ്പിലിട്ടത് വിൽക്കുന്ന തട്ടുകടയിൽ നിന്ന് രാസലായനി ഉള്ളിൽ ചെന്നതിനു പിറകെ രണ്ടു വിദ്യാർത്ഥികൾക്ക് പൊള്ളലേറ്റു. മദ്രസ പഠനയാത്രയുടെ ഭാഗമായി പയ്യന്നൂരിൽ നിന്നു കോഴിക്കോട്ടെത്തിയ മുഹമ്മദ്, സാബിത്ത് എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഉപ്പിലിട്ടത് വേഗം പാകമാകാൻ വീര്യം കൂടിയ അസെറ്റിക് ആസിഡ് ഉപയോഗിച്ചതാണെന്ന് സംശയിക്കുന്നുണ്ട്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയ മുഹമ്മദ് അടുത്തുകണ്ട കുപ്പിയിൽ വെള്ളമാണെന്നു കരുതി പെട്ടെന്നെടുത്ത് കുടിക്കാൻ തുടങ്ങുകയായിരുന്നു. വായ പൊള്ളിയതോടെ തുപ്പിക്കളഞ്ഞു. അത് സാബിത്തിന്റെ ദേഹത്തും വീണ് പൊള്ളലേറ്റു.
സംഭവം അറിഞ്ഞ് കോർപ്പറേഷൻ ഹെൽത്ത് സ്‌ക്വാഡും ഫുഡ് സേഫ്‌റ്റി വിഭാഗവും വരക്കൽ ബീച്ചിലെ ഉന്തുവണ്ടികളിൽ പരിശോധന നടത്തി. സാമ്പിളുകളുടെ പരിശോധനാഫലം വന്നാലേ മറ്റു നടപടികളിലേക്ക് നീങ്ങാനാവൂ എന്ന് ഹെൽത്ത് ഓഫീസർ ഡോ.വിലു മോഹൻ പറഞ്ഞു.
പഴങ്ങളിൽ വേഗത്തിൽ ഉപ്പ് പിടിക്കാൻ നേർപ്പിക്കാത്ത അസെറ്റിക് ആസിഡ് ഉപയോഗിക്കുണ്ടെന്ന് സംശിക്കുന്നതായി ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ കെ.കെ.അനിലൻ പറഞ്ഞു.