suresh
സുരേഷ്

കോഴിക്കോട്: നിരവധി ഭവനഭേദന കേസുകളിൽ പ്രതിയായ അന്തർസംസ്ഥാന മോഷ്ടാവ് തൃശ്ശിനാപ്പള്ളി അമ്മംകുളം അരിയമംഗലം സുരേഷ് എന്ന ടെൻഷൻ സുരേഷ് (40) അരസ്റ്റിലായി. സിറ്റി പൊലീസ് ചീഫ് ഡി.ഐ.ജി എ.വി.ജോർജ്ജിന്റെ നിർദ്ദേശാനുസരണം നാർകോട്ടിക് സെൽ അസി. കമ്മിഷണർ ജയകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കാവൽ സ്‌ക്വാഡും കസബ പൊലീസും ചേർന്നാണ് മോഷണവീരനെ വീഴ്‌ത്തിയത്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു നാലു വർഷവും കോഴിക്കോട് ജയിലിൽ ഒരു വർഷവും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം മലപ്പുറം ജില്ലയിലെ പതിനഞ്ചോളം ഷോപ്പുകൾ പൊളിച്ച് മോഷണം നടത്തിയതായി വ്യക്തമായി. ചെന്നൈയിലേക്ക് കടന്ന യുവാവ് അവിടുത്തെ ഗുണ്ടാ നേതാവിനൊപ്പം ചേർന്നു. കവർച്ചക്കേസിൽ പെട്ടെങ്കിലും ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് മടങ്ങി. വരുന്ന വഴി വയനാട്ടിൽ രണ്ട് വീടുകളിൽ കവർച്ച നടത്തി. പിന്നീട് കോഴിക്കോട്ടെത്തി ഒളിവിൽ കഴിയുകയുമായിരുന്നു.

ലഹരിമരുന്ന് വിൽപന കേസിൽ കൂട്ടുപ്രതികളെ പിടികൂടാനായെങ്കിലും സുരേഷിനെ വലയിൽ കുടുക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി കസബ ഇൻസ്‌പെക്ടർ എം.പ്രജീഷിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ കാവലിന്റെ ഭാഗമായി നടത്തിയ രാത്രികാല പട്രോളിംഗിനിടെ സംശയാസ്പദ സാഹചര്യത്തിൽ കണ്ട സുരേഷിനെ ചോദ്യം ചെയ്തതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് വിശദമായ ചോദ്യം ചെയ്യലിനു പിറകെ അറസ്റ്റ് രേഖപ്പെടുത്തുകയാണുണ്ടായത്.

 ഗുണ്ടകളെ ഒതുക്കാൻ 'കാവൽ'

സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം അമർച്ച ചെയ്യാനായി രൂപീകരിച്ച പ്രത്യേക സംഘമാണ് കാവൽ. യുവ സബ് ഇൻസ്‌പെക്ടർമാരും സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളും ഉൾപ്പെട്ടതാണ് ടീം. സിറ്റിയിൽ നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ജയകുമാറാണ് കാവൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മുൻപ് കേസുകളിൽ ഉൾപ്പെട്ടവരെയും സംഘം രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്.