പുൽപ്പള്ളി: പുൽപ്പള്ളി മരകാവിൽ കാട്ടാനയിറങ്ങി വൻ കൃഷിനാശമുണ്ടാക്കി. നെയ്ക്കുപ്പ വനത്തിൽ നിന്നിറങ്ങുന്ന ആനകളാണ് പ്രദേശത്ത് ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടാക്കുന്നത്.
മരകാവ് പള്ളിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടാന കൃഷി ചെയ്ത പച്ചക്കറികളും കുടിവെള്ളമെത്തിക്കുന്ന പൈപ്പുകളുമടക്കം ചവിട്ടി നശിപ്പിച്ചു. ഇതിനോട്‌ചേർന്ന കൃഷിയിടങ്ങളിലും ആനയിറങ്ങി കൃഷികൾ നശിപ്പിച്ചു. ആന ചവിട്ടി വീഴ്ത്തിയ തെങ്ങ് സമീപത്തെ വൈദ്യുതി ലൈനിലേക്ക് വീണതിനാൽ ഇവിടത്തെ വൈദ്യുതി ബന്ധവും നിലച്ചു. ജനവാസകേന്ദ്രത്തിൽ ആനയിറങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്. വനാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതാണ് വന്യജീവി ശല്യത്തിന് പ്രധാന കാരണം.