പുൽപ്പള്ളി: വേനൽ ശക്തമായതോടെ പുഴകളിലും തോടുകളിലും ജലനിരപ്പ് താഴുന്നു. ജലക്ഷാമം രൂക്ഷമായ പുൽപ്പള്ളി മേഖലയിലെ തോടുകളിലും പുഴകളിലും നീരൊഴുക്ക് അനുദിനം കുറയുകയാണ്. പലയിടത്തും പാറക്കെട്ടുകൾ കാണാൻ തുടങ്ങി.
കടമാൻതോട്, കന്നാരം പുഴ, മുദ്ദള്ളിതോട്, ചേകാടി പുഴ എന്നിവയിലെല്ലാം ജലനിരപ്പ് കുറയുകയാണ്. വയനാട്ടിൽ നിന്ന് ഉത്ഭവിക്കുന്ന കബനി നദിയുടെ പ്രധാന സ്രോതസ്സുകളാണ് ഇവയെല്ലാം.

ഫെബ്രുവരി പകുതി ആയപ്പോൾ തന്നെ ജലക്ഷാമം പലയിടത്തും അനുഭവപ്പെട്ടു തുടങ്ങി. വയനാട്ടിൽ ഏറ്റവുമധികം കുഴൽ കിണറുകൾ ഉള്ള പ്രദേശമാണ് പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ. പുഴകളിലും തോടുകളിലും നീരൊഴുക്ക് കുറഞ്ഞത് കിണറുകളിലും മറ്റും വെള്ളം കുറയാൻ കാരണമായിട്ടുണ്ട്. വരുംനാളുകളിൽ വേനൽ ശക്തമാകുന്നതോടെ ജലക്ഷാമം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.