പുറമേരി: ഓർമ്മശക്തിയിൽ ആരെയും അമ്പരപ്പിക്കുന്ന മൂന്നു വയസുകാരൻ സാത്വിവ് ഇതിനിടയ്ക്ക് കൈപ്പിടിയിലൊതുക്കിയത് മൂന്നു റെക്കോർഡുകൾ. കേവലം പത്ത് മിനിറ്റിനുള്ളിൽ 120 ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാണ് ഈ അതുല്യനേട്ടം.
രാജ്യത്തെ പ്രമുഖ വ്യക്തികളുടെയെന്ന പോലെ എഴുത്തുകാരുടെയും മറ്റും പേരുകളും സംസ്ഥാനങ്ങളുടെ തലസ്ഥാനവുമൊക്കെ അനായാസം ഓർത്തെടുത്ത് ഈ കൊച്ചുമിടുക്കൻ നിരത്തുകയാണ്. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ്, കലാം വേൾഡ് റെക്കോർഡ്സ് എന്നിവയിലാണ് സാത്വിവ് ഇടം പിടിച്ചത്.
പുറമേരി വാട്ടർ ടാങ്കിന് സമീപത്തെ അനിയം നിവാസിൽ സുബീഷ് കുമാർ - സുബിന ദമ്പതികളുടെ മകനാണ്. എൽ.കെ.ജി പഠനകാലത്ത് സാത്വിവിന്റെ അദ്ധ്യാപികയാണ് കുട്ടിയുടെ അസാമാന്യ ഓർമ്മശക്തി ആദ്യം തിരിച്ചറിയുന്നത്. സുബിന പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയത്ത് സാത്വിവ് എപ്പോഴും കൂടെയുണ്ടാകും. അമ്മ ഉറക്കെ പറയുന്നതു കേട്ടാണ് ഇന്ത്യൻ പ്രധാനമന്ത്രിമാർ, ഇന്ത്യയിലെ സംസ്ഥാനങ്ങൾ, കേരളത്തിലെ ജില്ലകൾ, നദികൾ, പർവതങ്ങൾ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങി പൊതുവിജ്ഞാനശാഖയിലെ പല കാര്യങ്ങളും ഹൃദിസ്ഥമാക്കിയത്. മകന്റെ കഴിവ് തിരിച്ചറിഞ്ഞതോടെ പരമാവധി പരിശീലനം നൽകാനും അമ്മ സമയം കണ്ടെത്തി. അതിനിടയിലാണ് എൽ.കെ.ജി ക്ലാസ്സിലെ അദ്ധ്യാപിക ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിനെ കുറിച്ച് സുബിനയോട് പറയുന്നത്.
പത്ത് മിനുറ്റിനുള്ളിൽ നൂറിൽപരം ചോദ്യങ്ങൾക്ക് സാത്വിവ് ഉത്തരം പറയുന്നത് വീഡിയോയിൽ പകർത്തി വൈകാതെ അവർ അയച്ചുകൊടുക്കുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി മാറ്റുരച്ച നൂറുകണക്കിന് ബാലപ്രതിഭകളെ പിന്തള്ളിയാണ് സാത്വിവ് ഉന്നതവിജയം സ്വന്തമാക്കിയത്.