പയ്യോളി: ദേശീയപാതാ വികസനത്തിനു സ്ഥലം വിട്ടുകൊടുത്ത 75-കാരി ഇരിങ്ങൽ കുന്നുമ്മൽ സുശീലയ്ക്ക് വീട്ടിലേക്ക് വഴി തന്നെയില്ലെന്നായി. മുൻവശമപ്പാടെ മണ്ണിടിച്ചുനിരത്തിയപ്പോൾ കുന്നിൻമുനമ്പിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഈ കുടുംബം. റോഡി നിരപ്പിൽ നിന്നു ഏതാണ്ട് 30 അടി ഉയരത്തിലാണ് മൂരാട് ഓയിൽ മില്ലിനു സമീപത്തെ നിന്നരുളും കുന്നിലെ വീടിന്റെ നില്പ്.
കുന്നിടിച്ചുനിരത്തലിൽ വീട്ടിലേക്കുള്ള വഴി തീർത്തും അപ്രത്യക്ഷമാവുകായിരുന്നു. ഇതോടെ എങ്ങനെ പുറത്തേക്കിറങ്ങുമെന്ന് അറിയാതെ ധർമ്മസങ്കടത്തിലാണ് ഈ കുടുംബം. വീടിന്റെ മുൻവശത്ത് മുറ്റമെന്നു പറയാൻ അര മീറ്റർ സ്ഥലം മാത്രം. ഈ വീട്ടിലേക്ക് എത്താൻ ജീവൻ പണയം വെച്ചെന്നോണം കയറണം.
വീടിന്റെ മുൻവശത്ത് അഞ്ച് മീറ്റർ സ്ഥലമുണ്ടാവുമെന്നാണ് നേരത്തെ ദേശീയപാത ഉദ്യോഗസ്ഥർ പറഞ്ഞതത്രെ. എന്നാൽ വീണ്ടും അളന്ന് കൂടുതൽ സ്ഥലം ഏറ്റെടുക്കുകയായിരുന്നു. ഇതോടെ വീട്ടുകാർ ശരിക്കും ദുരിതത്തിലായി. ബാക്കിയുള്ള ആറ് സെന്റ് സ്ഥലവും വീടും കൂടി ഏറ്റെടുത്ത് സഹായിക്കണമെന്നാണ് സുശീലയ്ക്ക് അധികൃതരോട് പറയാനുള്ളത്.
നേരത്തേ സ്ഥലമേറ്റെടുക്കുന്ന സമയത്ത് വീടിനോ വഴിക്കോ ബാധിക്കാത്ത രീതിയിലാണ് വികസനമുണ്ടാവുക എന്ന് എൻ എച്ച് അധികൃതർ ഉറപ്പ് നൽകിയതാണ്. എന്നാൽ പ്രവൃത്തി പുരോഗമിച്ചതോടെയാണ് വീട് പൂർണമായും അപകടത്തിലാണെന്ന് മനസ്സിലായത്. വീടിന്റെ തറയിൽ നിന്നും ഏതാനും സെന്റിമീറ്ററുകൾ മാത്രം അകലെ വെച്ച് ഭൂമി തുരക്കുകയാണ്. ഇത് വീടിന് വലിയ ഭീഷണിയായി മാറുകയാണ്.
ഇന്നലെ രാവിലെ മകന്റെ കൂടെ ആശുപത്രിയിൽ പോയി സുശീല തിരിച്ചുവരുമ്പോഴേക്കും വീട്ടിലേക്കുള്ള വഴിയും ഇടിച്ചു കളയുകയായിരുന്നു. അതോടെ, ചെങ്കുത്തായ വീതി കുറഞ്ഞ സ്ഥലത്തുകൂടി വീട്ടിലേക്ക് എത്തിപ്പെടുക എന്നത് പൂർണാരോഗ്യമുള്ളവർക്ക് പോലും വെല്ലുവിളിയായി. കണ്ണൊന്ന് തെറ്റിയാൽ താഴ്ചയിലേക്ക് പതിച്ചതു തന്നെ.
എത്രയും വേഗം ഏറ്റെടുത്ത് അർഹമായ നഷ്ടപരിഹാരം വേണമെന്ന ആവശ്യമാണ് ഇവരുടേത്. സുശീലയും മകൻ സുരേഷ് ബാബുവും ഇതിനായി കളക്ടർക്ക് ഹർജി സമർപ്പിച്ചിരിക്കുകയാണ്. അടുത്ത ദിവസം എം.പിക്കും എം.എൽ.എ ക്കും കൂടി പരാതി നൽകും.