wayanadu

കോഴിക്കോട്: കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട ഇരട്ടടണൽപാതയുടെ ചുവരുകളിൽ വനഭംഗി ചുവർചിത്രങ്ങളായി തെളിയും. കാട് പുനഃസൃഷ്ടിക്കുന്ന ഈ ചിത്രങ്ങൾ രാപ്പകൽ പ്രകാശ വിന്യാസത്തിൽ ദൃശ്യമാകും. ഉൾക്കാടുകളിലെ മരങ്ങളും ജീവജാലങ്ങളും ചിത്രങ്ങളിൽ ഉണ്ടാവും. രാജ്യത്ത് ഇങ്ങനെ ഒരു ടണൽപാത ആദ്യമാണ്.

കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിൽ നിന്ന് തുടങ്ങി മറിപ്പുഴ സ്വർഗംകുന്ന് വഴി വയനാട് മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിൽ അവസാനിക്കുന്ന പാതയുടെ നീളം 7.82 കിലോമീറ്റർ.

അങ്ങോട്ടും ഇങ്ങോട്ടുമായി ഇരട്ട ടണലാണ്. 1800 കോടി രൂപ ചെലവിൽ ഒറ്റ ടണൽ നിർമ്മിക്കാനാണ് ആദ്യം നിശ്ചയിച്ചത്. ഡി. പി.ആർ തയ്യാറാക്കിയ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ആണ് ഇരട്ട ടണൽ നിർദ്ദേശിച്ചത്. സർക്കാർ അത് അംഗീകരിച്ചു. ഇപ്പോൾ 2134.50 കോടിയാണ് അനുവദിച്ചിട്ടുള്ളത്.

ഒരു ടണലിന് രണ്ടു വാഹനങ്ങൾ പോകാനുള്ള വീതിയുണ്ടാവും. രണ്ടാം ടണൽ 26 മീറ്റർ മാറിയായിരിക്കും. പാതയിൽ നിശ്ചിത അകലങ്ങളിലായി ബസ് ബേ പോലുള്ള സ്ഥലമുണ്ടാവും. വാഹനം കേടായാൽ ഗതാഗതം തടസ്സപ്പെടാതിരിക്കാനാണിത്. കാൽനടക്കാർക്ക് നടപ്പാതയും തീർക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ടണൽ പാതയായിരിക്കും ഇത്.

 നേട്ടങ്ങൾ

1. കോഴിക്കോട് - കല്പറ്റ ദൂരം 30 കിലോമീറ്റർ കുറയും

2. താമരശേരി ചുരം ഒഴിവാവും; യാത്രാസമയം ഒരു മണിക്കൂർ ലാഭം

3. ചുരത്തിലെ പതിവ് ഗതാഗതടസ്സം ഇല്ലാതാവും

4. വയനാട്, കോഴിക്കോട് ടൂറിസത്തിൽ കുതിച്ചുചാട്ടം