കോഴിക്കോട്: ടെൻഷൻ ഒഴിഞ്ഞ നേരമില്ല ഇലക്ട്രിക് ഓട്ടോക്കാർക്ക്. ഓട്ടോറിക്ഷ വാങ്ങിയ അന്നുതുടങ്ങിയതാണ് ഓരോരോ പ്രശ്നങ്ങൾ. ഒന്നൊഴിയുമ്പോൾ കരുതും ഹോ, ആശ്വാസമായെന്ന്, അപ്പോഴതാ വരുന്നു പിടിച്ചതിനേക്കാൾ വലുത്... ഓട്ടോ വാങ്ങുമ്പോൾ ഡീലർമാർ നൽകിയ വാഗ്ദാനങ്ങളെല്ലാം വെറും വാക്കായിരുന്നെന്ന് മനസിലായതോടെ പരക്കംപായുകയാണ് പലരും. അഞ്ച് വർഷത്തേക്ക് അറ്റകുറ്റപ്പണിക്ക് ചാർജ് ഈടാക്കില്ലെന്നായിരുന്നു ഒരു മോഹന വാഗ്ദാനം. എന്നാൽ എന്തെങ്കിലും പ്രശ്നവുമായി കമ്പനിയിൽ എത്തുമ്പോഴറിയാം ഡീലർമാരുടെ തനിനിറം. ബില്ലിൽ കാണിച്ച തുക അടയ്ക്കുകയല്ലാതെ നോ രക്ഷ !. ആവശ്യത്തിന് ടെക്നീഷ്യന്മാരില്ലാത്തതിനാൽ കാത്തിരിക്കേണ്ടി വരുന്നതായും ഓട്ടോ തൊഴിലാളികൾ പറയുന്നു.
ജില്ലയിൽ 200 ഇലക്ട്രിക് ഓട്ടോകൾ സർവീസ് നടത്തുന്നുണ്ട്. പക്ഷെ, ചാർജ് ചെയ്യാൻ 5 സ്റ്റേഷനുകൾ മാത്രം. ചാർജ് തീർന്ന ബാറ്ററി സ്റ്റേഷനിൽ എത്തിച്ചാൽ ചാർജ് ചെയ്ത് വച്ചിരിക്കുന്ന ബാറ്ററി നൽകുകയാണ് പതിവ്. എന്നാൽ സ്റ്റേഷനിലെത്തിയാൽ പലപ്പോഴും ബാറ്ററി സ്റ്റോക്ക് ഉണ്ടാവില്ല. വൈദ്യുതിയില്ല, ബാറ്ററി തണുത്തിട്ടില്ല, മെഷീൻ തകരാർ തുടങ്ങി ഒഴിവാക്കാനുള്ള കാരണം പറച്ചിൽ വേറെയും. അടുത്ത സ്റ്റേഷനിൽ എത്തിയാൽ ഏതാണ്ട് ഇതുതന്നെ അവസ്ഥ. ഓട്ടോ ചാർജ് ചെയ്യാൻ പോലും നാടൊട്ടുക്ക് അലയേണ്ട അവസ്ഥയാണ്. ബാറ്ററി ചാർജാവാൻ ഒന്നര- രണ്ട് മണിക്കൂർ വേണം. ഫിറ്റ് ചെയ്യാൻ 5-10 മിനുറ്റ് വേറെയും. ചാർജിംഗ് സ്റ്രേഷനുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് പറഞ്ഞെങ്കിലും പകുതി സമയം പോലും പല സ്റ്റേഷനുകളും പ്രവർത്തിക്കുന്നില്ല. ഓട്ടോറിക്ഷ വാങ്ങുമ്പോൾ ഡീലർമാർ പറഞ്ഞിരുന്ന മൈലേജ് 80 ആയിരുന്നു. എന്നാൽ കമ്പനി പറയുന്നത് 65, കിട്ടുന്നതാവട്ടെ 60ന് അടുത്തും. കൊവിഡ് വ്യാപനത്തോടെ രണ്ട് വർഷത്തോളമായി യാത്രക്കാർ വളരെ കുറവാണ്. ദിവസവും കിട്ടുന്ന ഒന്നോ രണ്ടോ ഓട്ടത്തിലെ വരുമാനം കൊണ്ട് തട്ടിമുട്ടി ജീവിക്കുമ്പോഴാണ് ഇരുട്ടടിയായി ഈ അധിക ചെലവും. ഇലക്ട്രിക് ഓട്ടോകൾക്ക് സർവീസ് പെർമിറ്റില്ലെന്ന് പറഞ്ഞ് സ്റ്രാൻഡ് നിഷേധിക്കുന്നത് പലയിടത്തും ഇപ്പോഴും തുടരുകയാണ്. എന്നാൽ കേന്ദ്ര- സംസ്ഥാന ഗതാഗത വകുപ്പുകളുടെ വിവിധ ഉത്തരവുകളിൽ ഇലക്ട്രിക് ഓട്ടോകൾക്ക് സർവീസ് നടത്താൻ പെർമിറ്റ് ആവശ്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഡീലർമാരുടെ വാഗ്ദാനത്തിൽ ഇലക്ട്രിക് ഓട്ടോ എടുത്തവരെല്ലാം വഞ്ചിക്കപ്പെട്ടു. ബാറ്ററി തേടി നാടെങ്ങും അലയേണ്ട അവസ്ഥയാണ്. സുബീഷ്.ടി, ജില്ലാ സെക്രട്ടറി,
കേരള സ്റ്റേറ്റ് ഇൻഡിപെൻഡന്റ് ഇലക്ട്രിക് റിക്ഷ ഡ്രൈവേഴ്സ് യൂണിയൻ
ഇലക്ട്രിക് ഓട്ടോവില - 2.95 ലക്ഷം
ചാർജിംഗ് സ്റ്റേഷനുകൾ
കല്ലായി റോഡ്, വൈക്കം മുഹമ്മദ് ബഷീർ റോഡ്, സിവിൽ സ്റ്റേഷൻ, ചക്കോരത്ത്കുളം, ചെറുവണ്ണൂർ