കണ്ണൂർ: മുത്തങ്ങ വനമേഖലയിൽ കോളനിക്ക് സമീപം പഞ്ചായത്തിന്റെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടുകളിലെത്തുന്ന വിനോദ സഞ്ചാരികൾ കോളനിവാസികളുടെ സ്വൈരജീവിതം തടസ്സപ്പെടുത്തുന്നത് തടഞ്ഞതായി സുൽത്താൻ ബത്തേരി പൊലീസ് ഇൻസ്‌പെക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. കമ്മീഷൻ പട്ടികവർഗ്ഗ വികസന ഓഫീസർ, ബത്തേരി പൊലീസ് ഇൻസ്‌പെക്ടർ എന്നിവരിൽ നിന്ന് റിപ്പോർട്ട് വാങ്ങി.

നൂൽപ്പുഴ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ ചുക്കാലികുനി കാട്ടുനായ്ക്ക കോളനിയിൽ 60 കുടുംബങ്ങളും കുമിഴി കാട്ടുനായ്ക്ക, പണിയ കോളനിയിൽ 38 കുടുംബങ്ങളും താമസിക്കുന്നുണ്ട്. ഇവിടെ പ്രവർത്തിക്കുന്ന 11 റിസോർട്ടുകളിൽ രണ്ടെണ്ണം കോളനിയുടെ അതിർത്തിയോട് ചേർന്നാണ്. റിസോർട്ടുകളിൽ താമസിക്കുന്ന വിനോദ സഞ്ചാരികൾ പുഴയ്ക്ക് സമീപം എത്തുന്നതും ഫോട്ടോയെടുക്കുന്നതും പതിവാണ്. ഇത് കോളനിയിലെ സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കുന്നതാണ്. ഒരു റിസോർട്ടിലെ ജോലിക്കാരിയായിരുന്ന മിനി ഓഗസ്റ്റിൽ മരിച്ചതിനെ കുറിച്ച് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സുൽത്താൻ ബത്തേരി പൊലീസ് ഇൻസ്‌പെക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ കോളനിവാസികളെ റിസോർട്ടിലെത്തുന്ന ടൂറിസ്റ്റുകൾ ബുദ്ധിമുട്ടിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പറയുന്നു. റിസോർട്ടിലെത്തുന്ന ടൂറിസ്റ്റുകളെ റിസോർട്ട് കോമ്പൗണ്ടിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ വ്യക്തമാക്കി.