കൽപ്പറ്റ: കാന്തൻപാറയിൽ സാഹസിക സഞ്ചാരികൾക്കായി റാപ്പെലിംങ്ങ് ഒരുങ്ങുന്നു. സംസ്ഥാനത്ത് ആദ്യമായാണ് പാറക്കെട്ടുകളിൽ റാപ്പെലിങ്ങിനു തുടക്കമിടുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പദ്ധതി. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൗഡ് ഗ്രാജുവേറ്റ് ഓഫ് ബാംഗ്ലൂർ അഡ്വഞ്ചർ സ്‌കൂൾ പരീക്ഷണാടിസ്ഥാനത്തിൽ കാന്തൻപാറയിൽ റാപ്പെലിങ്ങ് നടത്തി. വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് 40 അടി താഴ്ചയിലേക്ക് റോപ്പ് വഴി സാഹസികമായി സംഘാംഗങ്ങൾ ഇറങ്ങി. വഴുക്കുള്ള പാറക്കെട്ടുകളിൽ വെള്ളച്ചാട്ടത്തിനു നടവിലൂടെ താഴേക്ക് ഇറങ്ങുന്ന റാപ്പെലിങ്ങ് സാഹസിക ടൂറിസത്തിന്റെ മുന്നേറ്റമാകും.
ഇന്ത്യയിൽ മഹാരാഷ്ട്ര പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് റാപ്പെലിങ്ങ് സാഹസിക ടൂറിസം നിലവിലുള്ളത്. ആദ്യഘട്ടത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയാകുംപദ്ധതി നടത്തുക. ഡി.ടി.പി.സി സെക്രട്ടറി കെ.ജി.അജേഷ്, കാന്തൻപാറ മാനേജർ എം.എസ. ദിനേശ് മറ്റ് കേന്ദ്രങ്ങളിലെ മാനേജർമാർ തുടങ്ങിയവർ സന്നിഹിതരായി.