inl

 പുതിയ നേതൃത്വം മാർച്ച് 31ന് മുമ്പെന്ന് അഡ്‌ഹോക് കമ്മിറ്റി

കോഴിക്കോട്: ചേരിപ്പോര് മൂർദ്ധന്യത്തിലെത്തിയ ഐ.എൻ.എല്ലിൽ പിളർപ്പ് പൂർണമായി. പിരിച്ചുവിടപ്പെട്ട സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുൽ വഹാബ് ഇന്നലെ ചേർന്ന അഡ്‌ഹോക് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തില്ല. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന കൗൺസിൽ കോഴിക്കോട്ട് ചേരാൻ തീരുമാനിച്ചിട്ടുമുണ്ട്.

കൗൺസിലിലെ 120 അംഗങ്ങളിൽ 75 പേർ യോഗത്തിൽ പങ്കെടുക്കുമെന്ന് അബ്ദുൽ വഹാബ് പറഞ്ഞു. അതേസമയം, പുതിയ സംസ്ഥാന കമ്മിറ്റി മാർച്ച് 31ന് മുമ്പ് നിലവിൽ വരുമെന്ന് അഡ്‌ഹോക് കമ്മിറ്റി ചെയർമാൻ കൂടിയായ മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി.

എൽ.ഡി.എഫിൽ തുടരുക ഔദ്യോഗിക വിഭാഗം തന്നെയായിരിക്കുമോ, അതല്ല രണ്ടു കൂട്ടരും തെറിക്കുമോ എന്നതിൽ ഉറപ്പില്ല. ഒരിക്കലും ഒരുമിക്കുന്നില്ലെങ്കിൽ ഈ കക്ഷി മന്ത്രിസഭയിലെന്നല്ല, മുന്നണിയിലും വേണ്ടെന്ന നിലപാടിന് എൽ.ഡി.എഫിൽ ആക്കം കൂടിയിരിക്കുകയാണ്.
എറണാകുളത്ത് തെരുവിലേക്ക് നീണ്ട കൂട്ടത്തല്ലിന് ശേഷം കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ മദ്ധ്യസ്ഥതയിൽ ഇരു വിഭാഗവും ഒന്നിച്ചുപോകാൻ ധാരണയിലെത്തിയതായിരുന്നു. ഒന്നിച്ചില്ലെങ്കിൽ മന്ത്രിസ്ഥാനമുണ്ടാകില്ലെന്ന സി.പി.എമ്മിന്റെ കടുത്ത നിലപാടിനു പിറകെയായിരുന്നു ധാരണ. എന്നാൽ സീതാറാം മിൽ ചെയർമാൻ സ്ഥാനം ആർക്കെന്ന് തീരുമാനിക്കുന്നതിനെച്ചൊല്ലി പരസ്യയുദ്ധത്തിലേക്ക് വീണ്ടുമെത്തി. അതിനിടയിലാണ് ദേശീയ നേതൃത്വം സംസ്ഥാന കൗൺസിലടക്കമുള്ള സമിതികൾ പിരിച്ചുവിട്ടതും അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചതും.


ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്തവർ

പാർട്ടിക്ക് പുറത്ത്: അഹമ്മദ് ദേവർകോവിൽ
ഐ.എൻ.എൽ ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്തവർ പാർട്ടിയിൽ സ്ഥാനമുണ്ടാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. അഡ്ഹോക് കമ്മിറ്റി അംഗമെന്ന നിലയിൽ പ്രൊഫ.അബ്ദുൾ വഹാബിനെ യോഗത്തിലേക്ക് വിളിച്ചതാണ്. അദ്ദേഹം പക്ഷേ, വിട്ടുനിന്നു. അതുകൊണ്ടുതന്നെ, ഇനിയൊരു ചർച്ചയ്ക്ക് സാദ്ധ്യതയില്ല. തീരുമാനം ദേശീയ നേതൃത്വം ഉടൻ പ്രഖ്യാപിക്കും. പുതിയ സംസ്ഥാന കമ്മിറ്റി മാർച്ച് 31ന് മുമ്പായി അധികാരമേൽക്കും.