കോഴിക്കോട്: വെള്ളയിൽ ആവിക്കൽ തോടിന് സമീപം കോർപ്പറേഷൻ നിർമ്മിക്കുന്ന മലിനജല സംസ്കരണ പ്ലാന്റിനെതിരെ സമരം ശക്തമാക്കി പ്രദേശവാസികൾ. ഇതിന്റെ ഭാഗമായി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നാളെ നടക്കുന്ന മനുഷ്യശൃംഖലയിൽ രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ നിരവധി പേർ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു. വൈകീട്ട് 4.45 മുതൽ 5.05 വരെയാണ് സമരം. ഒന്നരകിലോമീറ്ററിലധികം നീളത്തിലാകും മനുഷ്യശൃംഖല. സമരത്തിൽ നിന്ന് പിന്നോട്ട് പോവേണ്ടതില്ലെന്നാണ് സമരസമിതിയുടെ തീരുമാനം.
പദ്ധതിക്കെതിരെ പ്രതിഷേധം ഉയർന്നതോടെ പ്ലാന്റ് നിർമ്മാണം താത്കാലികമായി കോർപ്പറേഷൻ നിർത്തിവെച്ചിരുന്നു.
നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മലിനജലം ശുദ്ധീകരിക്കുന്നതിനായി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോതിയിലും ആവിക്കൽ തോടിന് സമീപത്തും 139.5 കോടി രൂപ ചെലവഴിച്ചാണ് കോർപ്പറേഷൻ പദ്ധതി നടപ്പാക്കുന്നത്. കോതിയിലും പദ്ധതിക്കെതിരെ കനത്ത പ്രതിഷേധമുണ്ട്. പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തികളുടെ ഭാഗമായി പ്രദേശത്ത് എത്തിച്ച മണ്ണ് പരിശോധനാ വാഹനം തടഞ്ഞതോടെയാണ് സമരം ശക്തമായത്. തുടർന്ന് റോഡ് ഉപരോധവും തീരദേശ ഹർത്താലും നടത്തി. വെള്ളയിൽ ഡിവിഷൻ കൗൺസിലറെ ഉൾപ്പെടെ അറസ്റ്റ് ചെയ്യുകയും മുന്നൂറോളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.