kiranam

കോഴിക്കോട്: കിടപ്പുരോഗികൾക്ക് ഉൾപ്പെടെ ആശ്വാസം പക‌ർന്ന 'ആശ്വാസകിരണം' പദ്ധതി നിലച്ചിട്ട് ഒരു വ‌ർഷം കഴിഞ്ഞു. ഫണ്ടില്ലെന്ന് കാരണം പറഞ്ഞ് സർക്കാർ രോഗികളെ തഴയുകയാണ്. 2010ലാണ് സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ആശ്വാസകിരണം പദ്ധതി ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ കിടപ്പിലായ രോഗികൾക്ക് മാത്രമായിരുന്നു ധനസഹായം. പീന്നിട് മുഴുവൻ സമയവും പരിചരണം ആവശ്യമുള്ള ശാരീരിക, മാനസിക വൈകല്യമുള്ളവ‌ർ, കാൻസ‌ർ രോഗികൾ, കാഴ്ചാ വൈകല്യമുള്ളവർ, വിവിധ രോഗങ്ങൾ മൂലം കിടപ്പിലായവ‌ർ, ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മാനസിക രോഗികൾ തുടങ്ങിയവരെയും പദ്ധതിയുടെ ഭാഗമാക്കി. തുടക്കത്തിൽ 525 രൂപയായിരുന്നു ധനസഹായം. അത് 600 രൂപയായി വ‌ർദ്ധിപ്പിച്ചു. എന്നാൽ കൊവിഡിന്റെ ഒന്നാം തരംഗത്തോടെ ധനസഹായം നിലച്ചു. സ‌ർക്കാ‌ർ നൽകുന്ന ക്ഷേമപെൻഷനുകളിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള പദ്ധതിയാണ് ആശ്വാസകിരണം.

നിരവധി അന‌ർഹർ പദ്ധതിയിലുണ്ടെന്ന ആക്ഷേപമുള്ളതിനാൽ അനർഹരായവരെ ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. അപ്പോഴും ആശ്വാസകിരണം എപ്പോൾ ആശ്വാസമാകുമെന്ന ചോദ്യം ശേഷിക്കുകയാണ്. ഓരോ ആറുമാസം കൂടുമ്പോഴും ലൈഫ് സ‌ർട്ടിഫിക്കറ്റ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് നൽകണമെന്നാണ് നിബന്ധന. ഇത് സമർപ്പിക്കാത്തവരെയും മരിച്ചവരെയും പദ്ധതിയിൽ നിന്ന് ഒഴിവാക്കി 2020 നവംബ‌ർ വരെയുള്ള കുടിശ്ശിക വിതരണം ചെയ്തുവെന്നാണ് അധികൃതർ പറയുന്നത്.

" ലൈഫ് സ‌‌‌‌ർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് അംഗണവാടികൾ വഴി സ്ഥിരം സംവിധാനമൊരുക്കണം. പുതിയ അപേക്ഷകളിൽ എത്രയും വേഗം ആനുകൂല്യം ലഭ്യക്കണം.

ശാഹുൽ, ചെയ‌ർമാൻ, സൊസൈറ്റി ഫോർ റിഹാബിലിറ്റേഷൻ ഓഫ് ദി ഡിഫ്രണ്ട്ലി ഏബിൾഡ് )

മകനെ വീട്ടിലാക്കി ജോലിയ്ക്ക് പോവാൻ കഴിയാത്ത എന്നെപോലുള്ളവ‌ർക്ക് പദ്ധതി വലിയ ആശ്വാസമായിരുന്നു. മറ്റ് പെൻഷനുകളെല്ലാം വിതരണം ചെയ്യുമ്പോഴും ഇതുമാത്രം ഫണ്ടില്ലെന്ന് പറഞ്ഞ് മാറ്റി നി‌ർത്തുകയാണ്.

ഷീബ, വീട്ടമ്മ