kznolikanal
കനോലി കനാൽ

കോഴിക്കോട്: ടൂറിസത്തിന്റെ പുതുപുലരിയ്ക്കായി കോഴിക്കോട് നഗരത്തെ കനാൽസിറ്റിയാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കനോലി കനാലിനെ ആധുനിക നിലവാരത്തിൽ ടൂറിസത്തിനും ഗതാഗതത്തിനും അനുയോജ്യമാംവിധം വികസിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കിഫ്ബി ധനസഹായത്തോടെ 1118 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭായോ​ഗം അംഗീകാരം നൽകി. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുൻകൈയെടുത്താണ് പദ്ധതിക്ക് അംഗീകാരം നേടിയെടുത്തത്.

1848ൽ മലബാർ ജില്ലാ കളക്ടറായിരുന്ന എച്ച്.വി കനോലി താത്പര്യമെടുത്താണ് പുഴകളെയും ജലാശയങ്ങളെയും കൂട്ടിയിണക്കി കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ കനാലുകൾ നിർമ്മിച്ചത്. പിന്നീട് കനോലിയോടുള്ള ആദരസൂചകമായി കനോലി കനാലായി മാറി. അക്കാലത്തെ വിശാലമായ ജലഗതാഗത മാർഗമായി ഇത് മാറിയെങ്കിലും ക്രമേണ കനാൽ ഉപയോഗശൂന്യമായി. കൈയേറ്റങ്ങളും മാലിന്യനിക്ഷേപവും വ്യാപകമായതോടെ കനാലിന്റെ നീരൊഴുക്ക് കുറഞ്ഞു.

വെസ്റ്റ് കോസ്റ്റ് കനാൽ വികസനം എന്ന പേരിൽ കേരളത്തിലെ എല്ലാ കനാലുകളും വീണ്ടെടുത്ത് ജലപാത യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനമാണ് പുരോഗമിക്കുന്നത്. തിരുവനന്തപുരം കോവളം മുതൽ കാസർകോട് ജില്ലയിലെ ബേക്കൽ വരെയാണ് ജലപാത വരുന്നത്. ചരക്ക് ഗതാഗതം, വിനോദ സഞ്ചാരം എന്നിവയുടെ സാദ്ധ്യതകൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കോഴിക്കോട് ജില്ലയിലെ കനോലി കനാൽ ജലപാതയുടെ മുഖ്യ ആകർഷണമാകും. ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതോടെ കനാലിന്റെ വീണ്ടെടുപ്പ് കൂടിയാവും. ജില്ലയിലെ വെള്ളപ്പൊക്ക പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ ഇതിലൂടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കനാൽ തീരങ്ങളുടെ സൗന്ദര്യവത്കരണത്തിലൂടെ പ്രാദേശികമായി തൊഴിലവസരം സൃഷ്ടിക്കപ്പെടും. പരിസ്ഥിതി സൗഹൃദ കനാൽ വികസനമാണ് നടപ്പാക്കുക. മലിനീകരണം ഒഴിവാക്കുന്നതിന് ഇന്റർസെപ്റ്റ് സ്വീവറുകളും ട്രിറ്റ്മെന്റ് സിസ്റ്റവും സ്ഥാപിക്കും.