4 വർഷത്തിനകം 5000 പേർക്ക്
കോഴിക്കോട്: അയ്യായിരം പേർക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള കോഴിക്കോട് കോർപ്പറേഷന്റെ വീ ലിഫ്‌റ്റ് പദ്ധതിയ്ക്ക് അടുത്ത മാസം തുടക്കമാകും. സംയോജിത തൊഴിൽദാന പദ്ധതി കേരളത്തിൽ നടപ്പാക്കുന്ന പ്രഥമ തദ്ദേശ സ്ഥാപനമായി മാറും ഇതോടെ ഈ നഗരസഭ.
ഈ വർഷം 2500 പേർക്ക് തൊഴിലൊരുക്കാനാണ് ശ്രമമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. ഐ.ഐ.എം കോഴിക്കോടിന്റെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. മഹിളാമാൾ ഉൾപ്പെടെയുള്ള സംരംഭങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് നീങ്ങുന്നത്. പദ്ധതി കൂടുതൽ വിപുലീകരിക്കാനും കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്.
നഗരപരിധിയിൽ തൊഴിലെടുക്കാൻ സന്നദ്ധരായ മുഴുവൻ ആളുകൾക്കും വേതനാധിഷ്ഠിത ജോലിയോ അതല്ലെങ്കിൽ സ്വയംതൊഴിൽ സംരംഭങ്ങളോ കണ്ടെത്തി നൽകുകയാണ് ലക്ഷ്യം. നാലു വർഷത്തിനുള്ളിൽ കുറഞ്ഞത് 5000 പേർക്ക് തൊഴിൽ ഉറപ്പാക്കുന്നതിലൂടെ ദാരിദ്ര്യനിർമാർജന ലക്ഷ്യം പൂർത്തീകരിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാവും. നഗരത്തിലെ മുഴുവൻ ഡിവിഷനുകളിലേക്കം എത്തിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് ചുമതല കോർപ്പറേഷൻ കുടുംബശ്രീക്കാണ്.
എൻ.യു.എൽ.എം പദ്ധതിയിലെ നൈപുണ്യ പരിശീലനവും തൊഴിലുറപ്പാക്കലും പ്രയോജനപ്പെടുത്തും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, ഹരിതകർമ്മസേന കൺസോർഷ്യം തുടങ്ങിയവയുമായുള്ള സംയോജനവുമുണ്ടാവും.
ഒപ്പമുണ്ട് ഐ.ഐ.എം
പദ്ധതി മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രഗത്ഭരെ ഉൾപ്പെടുത്തി കോർപ്പറേഷൻ സംഘടിപ്പിച്ച ശില്പശാലയിലൂടെ 89 തൊഴിൽമേഖലകൾ കണ്ടെത്തിയിരുന്നു. വിജയസാദ്ധ്യത പരിഗണിച്ച് സംരംഭങ്ങൾ മുൻഗണനാക്രമത്തിൽ നിശ്ചയിക്കുന്നതും വിപണി സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകുന്നതും ഐ.ഐ.എം കോഴിക്കോടായിരിക്കും. പരിശീലനത്തിലുള്ള മൊഡ്യൂളുകളും നൽകും. ഐ.ഐ.എമ്മുമായുള്ള ധാരണപത്രം ഈ മാസം തന്നെ ഒപ്പുവെക്കും.
മുൻഗണന കുടുംബശ്രീ
ഓക്സിലറി ഗ്രൂപ്പിന്
പുതുതായി ആരംഭിച്ച കുടുംബശ്രീ യുവജനവിഭാഗമായ ഓക്സിലറി ഗ്രൂപ്പുകളാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളാവുക. സന്നദ്ധ സംഘടനകളിലൂടെയും യുവജന ക്ലബ്ബുകളിലൂടെയുമെന്ന പോലെ ത്രിതല പഞ്ചായത്തിലെ കുടുംബശ്രീ സംവിധാനം വഴിയുമായിരിക്കും പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുക. ഡിവിഷൻ തലത്തിൽ നടത്തിപ്പ് ചുമതല കൗൺസിലർക്കായിരിക്കും. സംരംഭകർക്ക് പരിശീലനവും പ്രോജക്ട് റിപ്പോർട്ട്, ബാങ്ക് വായ്പ എന്നിവയ്ക്കുള്ള സഹായവും കോർപ്പറേഷൻ ലഭ്യമാക്കും.
ലോഗോ പുറത്തിറക്കി
വീ ലിഫ്‌റ്റ് പദ്ധതിയുടെ ലോഗോ മേയർ ഡോ.ബീന ഫിലിപ്പ് പ്രകാശനം ചെയ്തു. ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ദിവാകരൻ, സെക്രട്ടറി കെ.യു.ബിനി തുടങ്ങിയവർ
സംബന്ധിച്ചു.