v

കോഴിക്കോട്: ഐ.എൻ.എൽ ദേശീയ നേതൃത്വം പിരിച്ചുവിട്ട സംസ്ഥാന കൗൺസിലിലെ ഭൂരിപക്ഷ പിന്തുണയോടെ വഹാബ് വിഭാഗം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കൗൺസിൽ യോഗത്തിൽ 120 അംഗങ്ങളിൽ 77 പേരും പങ്കെടുത്തതായി സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൽവഹാബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സി.പി. നാസർ കോയ തങ്ങൾ (കോഴിക്കോട്) ആണ് ജനറൽ സെക്രട്ടറി. എം.എ. വഹാബ് ഹാജി (പാലക്കാട്‌ ) ട്രഷററും. പാർട്ടി ഔദ്യോഗവിഭാഗം തങ്ങളുടേതാണെന്നും അബ്ദുൽവഹാബ് അവകാശപ്പെട്ടു.

പാർട്ടിയിൽ 2018 മുതൽ കൈക്കൊണ്ട അച്ചടക്ക നടപടികൾ പിൻവലിക്കാൻ യോഗത്തിൽ തീരുമാനമായി. മെമ്പർഷിപ്പ് കാമ്പയിൻ ഉടൻ തുടങ്ങും. മാർച്ച്‌ 31ന് മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള സംസ്ഥാന കൗൺസിൽ നിലവിൽ വരും. ഐ.എം.സി.സി, നാഷണൽ യൂത്ത് ലീഗ്, നാഷണൽ പ്രവാസി ലീഗ്, നാഷണൽ സ്റ്റുഡന്റ്സ് ലീഗ്, നാഷണൽ കിസാൻ ലീഗ്, നാഷണൽ വിമൻസ് ലീഗ്, നേറ്റോ എന്നീ പോഷക സംഘടനകൾ യോഗത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നുവെന്ന് പ്രൊഫ. വഹാബ് പറഞ്ഞു.

വടകരയിൽ 25ന് നടക്കുന്ന ജില്ലാ പ്രവർത്തക കൺവൻഷനിലാണ് കോഴിക്കോട്ട് മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങുക. ഐ.എൻ.എൽ സ്ഥാപക ദിനമായ ഏപ്രിൽ 23ന് സംസ്ഥാനതലത്തിൽ പരിപാടികൾ സംഘടിപ്പിക്കും.