മേപ്പാടി: മുട്ടിൽ, മൂപ്പൈനാട്, മേപ്പാടി, കൽപ്പറ്റ എന്നിവിടങ്ങളിലെ ഭൂരഹിതരും ഭവനരഹിതരുമായ 110 കുടുംബങ്ങൾക്ക് മേപ്പാടി പരൂർക്കുന്നിൽ പുനരധിവാസം ഒരുങ്ങുന്നു. 35 വീടുകളുടെ പണി പൂർത്തിയായി. ബാക്കിയുള്ള വീടുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഏപ്രിൽ മാസത്തോടെ ഗുണഭോക്താക്കൾക്ക് കൈമാറാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതർ.

ആദിവാസി പുനരധിവാസ വികസന മിഷന്റെ (ടി.ആർ.ഡി.എം) ഫണ്ടുപയോഗിച്ച് ജില്ലാ മണ്ണുസംരക്ഷണ വകുപ്പാണ് മാതൃകാ ഭവനങ്ങൾ നിർമ്മിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ പണിയ സമുദായത്തിൽപ്പെട്ടവരാണ് ഗുണഭോക്താക്കളിൽ ഏറെയും.

477 ചതുരശ്ര അടിയിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. 2 കിടപ്പുമുറികൾ, വരാന്ത, ഹാൾ, അടുക്കള, ശുചിമുറി,40 ചതുരശ്ര അടി വർക്ക് ഏരിയ എന്നിവയടങ്ങിയതാണ് വീടുകൾ.

വനം വകുപ്പ് വിട്ടുനൽകിയ 13.5 ഹെക്ടർ ഭൂമിയിലാണ് വീടുകൾ നിർമ്മിക്കുന്നത്. 250 വീടുകൾ നിർമ്മിക്കാനുള്ള ഭൂമി പരൂർകുന്നിലുണ്ട്. 6.60 കോടി രൂപയാണ് നിർമ്മാണ ചിലവ്. ഒരു വീടിനു 6 ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്. 10 സെന്റ് ഭൂമിയും നൽകുന്നുണ്ട്.

അടുത്ത ഘട്ടത്തിൽ അങ്കൻവാടി, കുട്ടികൾക്കുള്ള പാർക്ക്, വായനശാല, ആരോഗ്യ കേന്ദ്രം,കമ്മ്യൂണിറ്റി ഹാൾ, സ്വയം തൊഴിൽ സംരംഭം എന്നിവ കൂടി നിർമ്മിക്കാനുള്ള ആലോചനയും പരിഗണനയിലാണ്.