കൽപ്പറ്റ: ദുരിതത്തിലായ ജില്ലയിലെ ട്രാവലർ, ടൂറിസ്റ്റ് ബസ്സുകൾ തുടങ്ങിയ കോൺടാക്റ്റ് ക്യാരേജ് വാഹനങ്ങളെയും മറ്റ് ടൂറിസ്റ്റ് വാഹനങ്ങളെയും സഹായിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് 22ന് വാഹനങ്ങളുമായി ഉടമകളും തൊഴിലാളികളും കളക്ടറേറ്റ് മാർച്ച് നടത്താൻ ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.
കൊവിഡ് മഹാമാരി മൂലം ഒരു വർഷമായി ഓട്ടമില്ലാതെ കിടക്കുകയാണ് വാഹനങ്ങൾ. എന്നാൽ സർക്കാർ ഒരു സഹായവും ഈ മേഖലയ്ക്ക് നൽകിയിട്ടില്ല. ലക്ഷക്കണക്കിന് രൂപ മുൻകൂർ ടാക്സ് നൽകിയാണ് ഓരോ വാഹനവും സർവീസ് നടത്തിയിരുന്നത്. കൊവിഡ് കാലത്തേത് അടക്കം മൂന്ന് ക്വാർട്ടർ ടാക്സ് ഒരുമ്മിച്ച് അടക്കേണ്ട സ്ഥിതിയാണ്. മറ്റു സംസ്ഥാനങ്ങൾ 2020 ഏപ്രിൽ മുതൽ 2022 മാർച്ച് 31 വരെയുള്ള വാഹന നികുതി പൂർണ്ണമായും ഒഴിവാക്കി നൽകിയിട്ടുണ്ട്.
വായ്പയെടുത്ത് വാഹനങ്ങൾ വാങ്ങിയവർക്ക് വായ്പ തിരിച്ചടയ്ക്കുവാനിം കഴിഞ്ഞിട്ടില്ല. മാത്രമല്ല നിരത്തിലിറക്കുന്ന വാഹനങ്ങളെ മോട്ടോർ വാഹന
വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം പീഡിപ്പിക്കുകയുമാണ്.

യോഗത്തിൽ എസ്.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. സിസിഒഎ സംസ്ഥാന ജോ: സെക്രട്ടറി കെ.ബി.രാജുകൃഷ്ണ, ഉദ്ഘാടനം ചെയ്തു. വി.എൻ.ശ്രീജിഷ്, എൻ.പി.സന്ദീപ്, പി.എ.സതീഷ് ബാബു, ഒ.വി.അഭിലാഷ്, കെ.ബി.അൻഷാദ്
എന്നിവർ സംസാരിച്ചു.