കൽപ്പറ്റ: യൂത്ത് കോൺഗ്രസ് ബത്തേരി, മാനന്തവാടി മണ്ഡലം പ്രസിഡന്റുമാരായ സിറിൽ, അസീസ് എന്നിവരെ സംസ്ഥാന കമ്മിറ്റി പുറത്താക്കി. കഴിഞ്ഞ ദിവസം യുണൈറ്റഡ് ഇന്ത്യ ഐക്യസദസ്സ് നടത്താത്തതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് എബിൻ മുട്ടപ്പള്ളിയെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഈ പുറത്താക്കൽ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ ജനറൽ സെക്രട്ടറിമാരും മണ്ഡലം പ്രസിഡന്റുമാരും രംഗത്ത് വന്നിരുന്നു. ജില്ലയിലെ മൂന്നു നിയോജകമണ്ഡലങ്ങളിലും യുണൈറ്റഡ് ഇന്ത്യ ഐക്യസദസ്സ് നടത്തിയിട്ടില്ല. എന്നാൽ ബത്തേരി, മാനന്തവാടി മണ്ഡലം കമ്മിറ്റികൾ പരിപാടി നടത്തിയെന്നാണ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാർ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിരുന്നത്. നടപടി വിവാദമായതോടെ സംസ്ഥാന കമ്മിറ്റി ഇതിനെക്കുറിച്ച് ജില്ലയിൽ കൂടുതൽ അന്വേഷണം നടത്തി. ജില്ലാ പ്രസിഡന്റ് സംസ്ഥാന കമ്മിറ്റിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് മനസ്സിലായതിനെ തുടർന്ന് മറ്റ് രണ്ട് മണ്ഡലം പ്രസിഡന്റ്മാരെ കൂടി സ്ഥാനത്തുനിന്ന് നീക്കുകയാണ് ഉണ്ടായത്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സംഷാദ് മരക്കാറിനോട് സംസ്ഥാന കമ്മിറ്റി വിശദീകരണം തേടിയിട്ടുമുണ്ട്. നടപടിയുണ്ടാകും എന്ന് അറിഞ്ഞതിനെ തുടർന്ന് ബത്തേരി, മാനന്തവാടി മണ്ഡലം പ്രസിഡന്റുമാർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.