സുൽത്താൻ ബത്തേരി: വൃത്തിയുടെ നഗരമെന്ന പേരിൽ സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയ ബത്തേരി നഗരസഭയ്ക്ക് സ്വരാജ് ട്രോഫി പുരസ്‌ക്കാരം. മികച്ച നഗരസഭയ്ക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാനതല പുരസ്‌ക്കാരമാണ് ബത്തേരി കരസ്ഥമാക്കിയത്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ് ബത്തേരി നഗരസഭ ഒന്നാമത് എത്തുകയായിരുന്നു. തിരൂരങ്ങാടി നഗരസഭയ്ക്കാണ് രണ്ടാം സ്ഥാനം.

ആസൂത്രണ മികവിന്റെയും ഭരണ നിർവഹണത്തിന്റെയും അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് പുരസ്‌ക്കാരങ്ങൾ നൽകുന്നത്. 118 പോയിന്റ് നേടിയാണ് ബത്തേരി നഗരസഭ ഒന്നാം സ്ഥാനത്തെത്തിയത്. മികച്ച ത്രിതല പഞ്ചായത്തുകൾക്ക് നൽകുന്ന സ്വരാജ് ട്രോഫി പുരസ്‌ക്കാരം ഈ വർഷം മുതലാണ് നഗരസഭകൾക്കും കോർപ്പറേഷനുൾക്കും കൂടി നൽകാൻ സർക്കാർ തീരുമാനിച്ചത്.

ജില്ലാതലത്തിൽ മികവ് തെളിയിച്ച ഗ്രാമപഞ്ചായത്തുകൾക്കുളള സ്വരാജ് ട്രോഫി പുരസ്‌ക്കാരത്തിന് 129 പോയിന്റ് നേടിയ മീനങ്ങാടി ഒന്നാം സ്ഥാനവും 124 പോയിന്റ് നേടി തരിയോട് രണ്ടാം സ്ഥാനവും നേടി.

മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ മികവ് പുലർത്തിയ ഗ്രാമപഞ്ചായത്തുകൾക്ക് നൽകുന്ന മഹാത്മ പുരസ്‌ക്കാരത്തിന് ജില്ലാതലത്തിൽ പൊഴുതന ഗ്രാമപഞ്ചായത്തും മീനങ്ങാടി ഗ്രാമ പഞ്ചായത്തും അർഹരായി. 65 പോയിന്റ് നേടിയാണ് ഇരു പഞ്ചായത്തുകളും പുരസ്‌ക്കാരം കരസ്ഥമാക്കിയത്.