വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിൽ അതി ദരിദ്രരായി 50 പേരെ ഭരണ സമിതി അംഗീകരിച്ച് ഡാറ്റാ എൻട്രി നടത്തി സർക്കാറിന് സമർപ്പിച്ചു. സർക്കാർ നിർദ്ദേശപ്രകാരം വാർഡ്തല ജനകീയ സമിതി, ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ, എന്യൂമറേഷൻ,ബ്ലോക്ക് തല ഉദ്യോഗസ്ഥ സൂപ്പർ ചെക്കിംഗ്, എന്നിവയിലൂടെ രൂപപ്പെടുത്തിയ പട്ടിക ഗ്രാമസഭ,പഞ്ചായത്ത് ഭരണസമിതി അംഗീകാരം എന്നീ പ്രക്രിയയിലൂടെയാണ് 50 പേരെ കണ്ടെത്തി പട്ടിക തയ്യാറാക്കിയത്. ഏറ്റവും കൂടുതൽ 4 പേർ വീതം അതി ദരിദ്രരായിട്ടുള്ളത് 3,9,14,15,16 വാർഡുകളിലാണ്.ഏഴാം വാർഡിൽ ആരും തന്നെ അതി ദരിദ്രരായി പരിശോധനയിൽ കണ്ടെത്തിയിട്ടില്ല.പതിനേഴാം വാർഡിൽ ഒരാളാണ് അതി ദരിദ്രരായി ഉള്ളത്‌. പട്ടികയിൽ 41സ്ത്രീകളും. 9പുരുഷന്മാരുമാണുള്ളത്. അതി ദരിദ്രരായി കണ്ടെത്തിയവരുടെ വിവിധങ്ങളായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിപുലമായ പദ്ധതിയാണ് തയ്യാറാക്കുന്നത്.പട്ടിക തയ്യാറാക്കുന്നതിന് സഹകരിച്ച എല്ലാവർക്കും ഭരണ സമിതി നന്ദി രേഖപ്പെടുത്തി.യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്,വി.ഇ.ഒ കെ ഭജീഷ് എന്നിവർ അന്തിമ പട്ടിക ഭരണ സമിതിയിൽ അവതരിപ്പിച്ചു.