മുക്കം: റോഡു നവീകരിച്ചപ്പോൾ നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാതായെന്ന് പരാതി. എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാത നവീകരണമാണ് മുക്കം പൊലീസ് സ്റ്റേഷന്റെയും ക്രിസ്ത്യൻ പള്ളിയുടെയും പിൻവശത്തുള്ള നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുടക്കിയത്. ഈ ഭാഗത്ത് റോഡും ഡ്രെയ്നേജും നവീകരിച്ചപ്പോൾ വാട്ടർ അതോറിറ്റിയുടെ ജല വിതരണ പൈപ്പുകൾ പല സ്ഥലത്തും അററു പോയതാണ് ജലവിതരണം മുടങ്ങാൻ കാരണം. ഇരുവഞ്ഞിപുഴയോരത്ത് കക്കടവത്ത് കടവിൽ നിർമ്മിച്ച കിണറിൽ നിന്ന് ജലം പമ്പ് ചെയ്ത് മുക്കം ഹൈസ്കൂൾ വളപ്പിലെ ടാങ്കിലെത്തിച്ച് അവിടെ നിന്നാണ് ക്രിസ്ത്യൻ പള്ളി പരിസരത്തെ വിടുകളിൽ വെള്ളമെത്തിക്കുന്നത്.വെള്ളം കിട്ടാതായിട്ട് മൂന്നാഴ്ചയോളമായെന്നാണ് പരാതി. അധികൃതരെ സമീപിക്കുമ്പോൾ കൈ മലർത്തുകയാണെന്നും പരാതിയുണ്ട്. റോഡുപണിയുടെ ഭാഗമായി മുറിഞ്ഞുപോയ പൈപ്പുകൾ കരാറുകാരാണ് നന്നാക്കേണ്ടതെന്നാണ് വാട്ടർ അതോറിറ്റി അധികൃതരുടെ നിലപാട്. റോഡുപണിക്കാരാവട്ടെ ഇത്തരം പരാതികളാെന്നും അറിഞ്ഞ ഭാവമില്ല.വേനൽ കനത്തതോടെ കിണർ വെളളത്തിന് ക്ഷാമം നേരിടുകയും പൈപ്പുവെള്ളത്തെ ആശ്രയിക്കുകയും ചെയ്യുന്ന പ്രദേശത്താണ് കുടിവെള്ളം കിട്ടാതായത്.