കോഴിക്കോട്: കവാടത്തിൽ നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങൾ, വഴിനീളെ ഒഴിഞ്ഞ മദ്യകുപ്പികൾ, കുട്ടികളുടെ കളിയുപകരണങ്ങളും ഇരിപ്പിടങ്ങളും കൈയടക്കി തെരുവുനായ്ക്കൾ... കോഴിക്കോട് ബീച്ചിലെ ലയൺസ് പാർക്കിന്റെ ഇപ്പോഴത്തെ ചിത്രമിതാണ്. കൊവിഡ് വ്യാപനത്തിൽ അടഞ്ഞുപോയ പാർക്കിൽ കാടുകയറിയതോടെ സാമൂഹ്യവിരുദ്ധരുടെ ഇടത്താവളമായി. വിനോദത്തിനും വിശ്രമത്തിനും ഒരുക്കിയ സൗകര്യങ്ങൾ നശിച്ചുതുടങ്ങിയിട്ടും പരിചരിക്കേണ്ടവർ തിരിഞ്ഞുനോക്കാത്ത സ്ഥിതിയാണ്. കുട്ടികളുടെ കളിയുപകരണങ്ങൾ പലതും അന്ത്യശ്വാസം വലിച്ചുതുടങ്ങി. പാർക്കിൽ ഇടതൂർന്ന് വളർന്ന കാടും പാഴ് മരങ്ങളുമാണ് സാമൂഹ്യവിരുദ്ധർക്ക് തണൽ. കൊവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതോടെ ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികൾ ഭക്ഷണാവശിഷ്ടങ്ങൾ ഇവിടേക്ക് വലിച്ചെറിയാൻ തുടങ്ങിയപ്പോൾ തെരുവുനായ്ക്കൾക്കും താവളമായി.
നിരവധി അപൂർവങ്ങളായ വൃക്ഷങ്ങൾ ഈ പാർക്കിലുണ്ട്. എന്നാൽ ഊരും പേരും മാഞ്ഞ ബോർഡുകളാണ് മരങ്ങളുടെ കഴുത്തിൽ തൂങ്ങുന്നത്. കൊവിഡിന് മുമ്പ് പ്രവൃത്തി ദിനങ്ങളിലുൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകൾ എത്തിയിരുന്ന പാർക്കാണിത്. എന്നാൽ ഇപ്പോഴിവിടെ എത്തുന്നവർ വലിയ നിരാശയോടെയാണ് മടങ്ങുന്നത്. 1965ലാണ് ലയൺസിന് കോർപ്പറേഷൻ സ്ഥലം കൈമാറുന്നത്. 1973ൽ പാർക്കിനോട് ചേർന്ന് കുട്ടികളുടെ പാർക്കും ആരംഭിച്ചു.
നവീകരണം ഉടൻ
ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ പാർക്കിന്റെ നവീകരണം ഉടൻ ആരംഭിക്കും. അതിനായി പ്രോജക്ട് തയ്യാറായി വരികയാണ്. പാർക്കിലെ കുട്ടികളുടെ ഉപകരണങ്ങൾ പൂർണമായും അറ്റകുറ്റപണി നടത്തും. വൃക്ഷത്തൈകൾ പരിപാലിക്കാൻ നടപടിയെടുക്കും. പാർക്കിന്റെ പ്രവേശന കവാടം, നടപ്പാത, ചുറ്റുമതിൽ പദ്ധതിയുടെ ഭാഗമായി നവീകരിക്കും. കോർപ്പറേഷനിൽ നിന്ന് അനുമതി കിട്ടിയാൽ പ്രവൃത്തി ആരംഭിക്കും.
അജിത്ത്, ലയൺസ് ക്ലബ്
കോർ കമ്മിറ്റി ചെയർമാൻ