kunnamangalam-news
ചക്കാലക്കൽ അങ്ങാടിയിൽ ചെടികൾ പരിപാലിക്കുന്ന നാട്ടുകാർ

കുന്ദമംഗലം: അങ്ങാടിസൗന്ദര്യവത്കരണത്തിന് നാട്ടുകാരുടെ വാട്സ്ആപ് കൂട്ടായ്മ. മടവൂർ പഞ്ചായത്തിലെ ചക്കാലക്കൽ അങ്ങാടിയാണ് വോയ്സ് ഓഫ് ചക്കാലക്കൽ കൂട്ടായ്മ മോടികൂട്ടി മനോഹരമാക്കിയിരിക്കുന്നത്. ഇരുഭാഗത്തെയും സുരക്ഷാകൈവരിയിൽ സ്ഥാപിച്ച ഇരുനൂറോളം പൂച്ചട്ടികളിൽ മനോഹരമായ ചെടികൾ സ്ഥാപിച്ചു. കൂട്ടായ്മയിലെ അംഗങ്ങൾ തന്നെയാണ് രാവിലെയും വൈകുന്നേരവും ചെടികൾ നനയ്ക്കുന്നതും അങ്ങാടി ശുചീകരിക്കുന്നതും.പടനിലം നരിക്കുനി റോഡിലെ ഈ അങ്ങാടിയിൽ ചപ്പുചവറുകളോ പ്ലാസ്റ്റിക് മാലിന്യങ്ങളോ വീഴാതിരിക്കുവാൻ കച്ചവടക്കാരും പരിസരവാസികളും സദാ ജാഗരൂകരാണ്. പ്രദേശത്തെ ജനപ്രതിനിധികളും പ്രവാസികളും കച്ചവടക്കാരും ഡ്രൈവർമാരും കൂലിപ്പണിക്കാരും എല്ലാം ഈ വാട്സാപ്പ് കൂട്ടായ്മയിൽ ഉള്ളവരാണ്. അങ്ങാടി സൗന്ദര്യവൽക്കരണം മാത്രമല്ല പാവപ്പെട്ടവർക്ക് വീട്നിർമ്മിച്ചുകൊടുക്കലും ചികിത്സാ സഹായങ്ങളുൾപ്പെടെയുള്ള കാരുണ്യപ്രവർത്തനങ്ങളും ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏറ്റെടുത്ത് നടത്തുകയാണ് ഈ വാട്സ്ആപ് കൂട്ടായ്മ.