കോഴിക്കോട്: വെള്ളയിൽ ആവിക്കൽ തോടിനു സമീപം മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള കോർപ്പറേഷൻ തീരുമാനത്തിനെതിരെ ജനകീയകൂട്ടായ്മ സമരസമിതിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിനാളുകൾ ചങ്ങലയിൽ അണിചേർന്നു. ജനവാസമേഖലയിൽ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്നു കോർപ്പറേഷൻ പിൻവാങ്ങുംവരെ പ്രക്ഷോഭം തുടരുമെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി.
പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ സമരം ഉദ്ഘാടനം ചെയ്തു. തിങ്ങിനിറഞ്ഞ് ജനങ്ങൾ താമസിക്കുന്ന മേഖലയിൽ യാതൊരു പഠനവും നടത്താതെ കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നത് തീർത്തും ജനവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ജനവാസമേഖലയെന്നതു മാത്രമല്ല, തണ്ണീർത്തടം കൂടിയാണ് ഈ പ്രദേശം. പ്രതിഷേധങ്ങളെ പാടെ അവഗണിച്ച് കോർപ്പറേഷനു മുന്നോട്ടു പോകാനാവില്ല.
പ്രദേശത്തെ കൗൺസിലറേയോ വാർഡ് സഭയെയോ ജനങ്ങളെയോ ബോദ്ധ്യപ്പെടുത്താനാവാതെ ഏകപക്ഷീയമായി പ്ലാന്റ് അടിച്ചേല്പിക്കാനാണ് ശ്രമം. കേരളത്തിലൊരിടത്തും പരീക്ഷിച്ച് വിജയിക്കാത്ത പദ്ധതി വികസനമെന്ന പേരിൽ നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നിർദ്ദിഷ്ട പ്ലാന്റ് സ്ഥാപിക്കാൻ കോർപ്പറേഷന്റെ അധീനതയിൽ അനുയോജ്യമായ മറ്റു സ്ഥലങ്ങളുണ്ടെന്നിരിക്കേ ജനങ്ങൾ തിങ്ങിപ്പാർക്കുന്നിടത്ത് തന്നെ പദ്ധതി സ്ഥാപിക്കണമെന്ന വാശി എന്തിനാണെന്ന് സമരസമിതി ഭാരവാഹികൾ ചോദിച്ചു. ജനവാസമേഖലയിൽ നിന്നുള്ള ദൂരപരിധി പോലും ലംഘിച്ചാണ് പ്ലാന്റ് നിർമ്മിക്കാനൊരുങ്ങുന്നത്.
ചടങ്ങിൽ ചെയർമാൻ ടി.ദാവൂദ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഇർഫാൻ, വാർഡ് മെമ്പർ സോഫിയ അനീഷ്, വിദ്യ ബാലകൃഷ്ണൻ, പി.കെ.ബഷീർ, മമ്മദ് കോയ, ബഷീർ പള്ളിക്കണ്ടി, ഷെറിൽബാബു, ടി.വാഹിദ്, ആർ.ഷഹീം, സുധീഷ് കേശവപുരി, എം.കെ.ഹംസ, സി.പി.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.