meyor
മേയർ ഡോ.ബീന ഫിലിപ്പ്

കോഴിക്കോട് : നഗരസഭാ പരിധിയിൽ പഴം, പച്ചക്കറി ഇനങ്ങൾ ഉപ്പിലിട്ടതിന്റെ വില്പന തടഞ്ഞ കോർപ്പറേഷൻ നടപടി തിങ്കളാഴ്ച വരെ തുടരും.

ബീച്ചിലെ തട്ടുകടയിൽ നിന്നു ഉപ്പിലിട്ടത് കഴിച്ചതിനു പിറകെ വെള്ളമെന്ന് കരുതി രാസലായനി കുടിച്ചതോടെ രണ്ടു കുട്ടികൾക്ക് സാരമായി പൊള്ളലേറ്റ സംഭവത്തെ തുടർന്നാണ് താത്കാലിക നിരോധനം ഏർപ്പെടുത്തിയത്. തിങ്കളാഴ്ച വില്പനക്കാരുമായി ചർച്ച നടത്തുമെന്ന് മേയർ ഡോ.ബീന ഫിലിപ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിബന്ധനകൾ പാലിക്കാതെ ഗ്‌ളേഷ്യൽ അസിറ്റിക് ആസിഡ് സൂക്ഷിക്കുന്നതിനെതിരെ ഉൾപ്പെടെ ബോധവത്കരണമുണ്ടാവും. ആരോഗ്യ വിഭാഗത്തിന്റെ ശക്തമായ പരിശോധന തുടരുമെന്നും മേയർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഗ്‌ളേഷ്യൽ അസിറ്റിക് ആസിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന സാഹചര്യം ഒഴിവാക്കാനാണ് വില്പനയ്ക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്.

 'സ്വരാജ് ട്രോഫി വലിയ നേട്ടം"

മികച്ച കോർപ്പറേഷനെന്ന നിലയിൽ കോഴിക്കോടിന് കൈവന്ന സ്വരാജ് ട്രോഫി മുഴുവൻ നഗരവാസികളുടെയും വലിയ നേട്ടമാണെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. മുൻഭരണസമിതിയുടെ മികച്ച പ്രവർത്തനങ്ങൾക്ക് നല്ല രീതിയിൽ തുടർച്ച ഉറപ്പാക്കാൻ പുതിയ ഭരണസമിതിയ്ക്ക് സാധിച്ചിട്ടുണ്ട്. ജനോപകാരപ്രദമായ പദ്ധതികളുമായി കൂടുതൽ ഊർജ്ജത്തോടെ മുന്നോട്ട് പോകുമെന്നും മേയർ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, സെക്രട്ടറി കെ.യു.ബിനി എന്നിവരും സംബന്ധിച്ചു.