സുൽത്താൻ ബത്തേരി: മന്ദംകൊല്ലിയിൽ കടുവക്കുട്ടി കുഴിയിൽ വീണതിന് തൊട്ടുപിന്നാലെ പഴേരിയിലും ഇന്നലെ കാലത്ത് കടുവയിറങ്ങി. പഴേരി ചെക്ക് പോസ്റ്റിന് സമീപത്താണ് ഇന്നലെ രാവിലെ എട്ടേകാലോടെ കടുവയെ കണ്ടത്. ഇതുവഴി ഓട്ടോ ഓടിച്ച് പോവുകയായിരുന്ന പഴേരിയിലെ വേലായുധന്റെ മുന്നിലൂടെയാണ് കടുവ റോഡ് മുറിച്ച് കടന്ന് സമീപത്തെ വനത്തിലേക്ക് കടന്നത്.
പഴേരിയോടുചേർന്ന പച്ചാടിയിലെ പഴയ വനലക്ഷ്മി പ്ലാന്റേഷൻ കടുവകളുടെ സംരക്ഷണത്തിനും പരിക്ക് പറ്റി കഴിയുന്ന കടുവകളെ ചികിൽസിപ്പിക്കുന്നതിനുമായി പ്രത്യേക കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ഈ മേഖലയോട് ചേർന്നാണ് ഇന്നലെ കടുവയെ കണ്ടത്. വടക്കനാട്, പച്ചാടി പ്രദേശങ്ങളിൽ കടുവയുടെ സാന്നിദ്ധ്യം സ്ഥിരമായിട്ടുണ്ടങ്കിലും പഴേരിയിൽ അപൂർവ്വമായി മാത്രമെ കടുവയെ കണ്ടിരുന്നുള്ളു,
വന്യമൃഗശല്യത്തിനെതിരെ വടക്കനാട് പ്രദേശത്ത് പ്രഖ്യാപിച്ച പാക്കേജ് നാല് വർഷം കഴിഞ്ഞിട്ടും എങ്ങുമെത്താത്തതിനെ തുടർന്ന് വടക്കനാട്,വള്ളുവാടി നിവാസികൾ സമരവുമായി രംഗത്തിറങ്ങാൻ നീക്കം നടത്തുന്നതിനിടെയാണ് ഇപ്പോൾ കടുവ ശല്യം വർദ്ധിച്ചിരിക്കുന്നത്.