# പ്ലാന്റിന് പച്ചക്കൊടി കാട്ടി ബി.ജെ.പി
കോഴിക്കോട് : ആവിക്കലിലും കോതിയിലും നിർമ്മിക്കുന്ന മലിനജല സംസ്കരണ പ്ലാന്റിനെ ചൊല്ലി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്പോര്. നാടിന് അനിവാര്യമായ പദ്ധതി ഒഴിവാക്കില്ലെന്ന ഭരണസമിതിയുടെ തീരുമാനത്തിനൊപ്പം കേന്ദ്രസർക്കാർ പദ്ധതിയെ എതിർക്കുന്നത് വികസന വിരുദ്ധമെന്ന നിലപാടുമായി ബി.ജെ.പിയും നിന്നതോടെ യു.ഡി.എഫ് പ്രതിഷേധം ആളിപടർന്നു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലെ പ്ലാന്റിനെ സംബന്ധിച്ച ചർച്ച മുന്നണികളുടെ നിലപാട് പ്രഖ്യാപനം കൂടിയായിരുന്നു. ചില രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കൗൺസിൽ നിലപാട് എടുക്കണമെന്നും പൊതുമരാമത്ത് സമിതി അദ്ധ്യക്ഷൻ പി.സി. രാജനാണ് ശ്രദ്ധ ക്ഷണിക്കലിൽ ആവശ്യപ്പെട്ടത്.
നഗരത്തിന് മലിനജല സംസ്കരണ പ്ലാന്റുകൾ അനിവാര്യമാണെന്നും തിരുവനന്തപുരത്തെ പ്ലാന്റ് നേരിൽകണ്ട് പ്രശ്നങ്ങളില്ലെന്ന് ബോധ്യപ്പെട്ടതാണെന്നും മേയർ വ്യക്തമാക്കി. ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് കോതിയിലും ആവിക്കലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദും പറഞ്ഞു.
ജനസാന്ദ്രത കുറഞ്ഞ ഭാഗത്തേക്ക് പ്ലാന്റ് മാറ്റണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സാധിച്ചില്ലെന്നും പദ്ധതിയുടെ നടപടി പൂർത്തിയാക്കിയ ശേഷമാണ് നാട്ടുകാരുമായി ചർച്ച നടത്തിയതെന്നും വെള്ളയിൽ കൗൺസിലർ സൗഫിയ അനീഷ് പറഞ്ഞു. പ്രതിഷേധക്കാർക്കൊപ്പമാണെന്ന നിലപാട് അവർ വ്യക്തമാക്കി. ന്യായമല്ലാത്തതൊന്നും നടപ്പാക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത പറഞ്ഞു. പദ്ധതിയെയല്ല, ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ പ്ലാന്റ് സ്ഥാപിക്കന്നതിനെയാണ് എതിർക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു.
പ്ലാന്റിനെതിരെ സമരം നടത്തുന്നതിനെ ബി.ജെ.പി അംഗം ടി. റനീഷ് രൂക്ഷമായി എതിർത്തു. കൗൺസിലിൽ തീരുമാനിച്ചശേഷം സമരത്തിന്റെ ഭാഗമാകുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ പദ്ധതി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ നവ്യ ഹരിദാസ് പറഞ്ഞു.
മാനദണ്ഡപ്രകാരം പരിസ്ഥിതി വിഷയമുൾപ്പെടെ എല്ലാ പരിശോധനയും അംഗീകാരവും പൂർത്തീകരിച്ച ശേഷമാണ് പ്ലാന്റ് നടപ്പാക്കുന്നതെന്ന് സെക്രട്ടറി കെ.യു. ബിനി അറിയിച്ചു. 2023 മാർച്ചോടെ പദ്ധതി പൂർത്തീകരിക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞു.
ജനസാന്ദ്രത ഏറെയുള്ള കോഴിക്കോട് നഗരത്തിൽ ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിയ്ക്കുമായി പ്ലാന്റുകൾ വേണമെന്ന് ആരോഗ്യ സമിതി അദ്ധ്യക്ഷ ഡോ. എസ്. ജയശ്രീ പറഞ്ഞു.
ജലജന്യ രോഗങ്ങൾ ഏറ്റവും കൂടുതൽ കടലോര മേഖലയിലാണെന്നും ഇതിന് പരിഹാരമാണ് പ്ലാന്റെന്നും ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ സി. ദിവാകരൻ പറഞ്ഞു.
സി.പി സുലൈമാൻ,സി .എം. ജംഷീർ, എം.സി അനിൽകുമാർ, കെ. മൊയ്തീൻകോയ ,എം.സി. സുധാമണി, എൻ.സി. മോയിൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. സരോവരം ബയോപാർക്കിന് സമീപവും ദേശീയപാതയ്ക്ക് സമീപം പാച്ചാക്കിലും തണ്ണീർത്തടം നികത്തുന്നത് സംബന്ധിച്ച് കെ.ടി. സുഷാജ്, സരിത പറയേരി, എം.എൻ. പ്രവീൺ എന്നിവർ ശ്രദ്ധക്ഷണിച്ചു. ഉപ്പിലിട്ടത് കഴിച്ച് വിദ്യാർത്ഥിയ്ക്ക് പൊള്ളലേറ്റ സംഭവത്തിൽ കെ.സി. ശോഭിത ശ്രദ്ധക്ഷണിച്ചു,