തിരുവമ്പാടി: മലയോര മേഖലയിൽ ഫാം ടൂറിസം പദ്ധതി വൈകാതെ തയ്യാറാക്കുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ വ്യക്തമാക്കി.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഫാം ടൂർ പദ്ധതിയോടു ചേർന്ന് കൂടരഞ്ഞി പഞ്ചായത്തിൽ സംഘടിപ്പിച്ച സന്ദർശന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയോര ടൂറിസം പദ്ധതിയ്ക്കായി സംസ്ഥാന ബഡ്‌ജറ്റിൽ ഫണ്ട് വകയിരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടന്ന് എം.എൽ.എ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയായിരിക്കും തിരുവമ്പാടി മണ്ഡലത്തിൽ ഫാം ടൂർ ഉൾപ്പെടെ ടൂറിസം പദ്ധതി നടപ്പിലാക്കുക.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് അദ്ധ്യക്ഷനായിരുന്നു. പുതിയ പദ്ധതിയ്ക്ക് ജില്ലാ പഞ്ചായത്ത് നേതൃത്വം നൽകുമെന്നും അടുത്ത വർഷത്തെ പദ്ധതിയിൽ ഫാം ടൂറിസം ഉൾപ്പെടുത്താൻ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി 28-ന് യോഗം വിളിച്ചുചേർത്തിട്ടുമുണ്ട്.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ജോസ് മാവറ, അംഗങ്ങളായ എത്സമ്മ, ബോബി, കൃഷി ഓഫീസർ പി.എം. മുഹമ്മദ്, കൃഷി അസിസ്റ്റന്റുമാരായ മിഷേൽ, നളിനി, കർഷക കൂട്ടായ്മ കൺവീനർ അജു ഇമ്മാനുവൽ എന്നിവർ സംബന്ധിച്ചു.