 
കോഴിക്കോട്: അദ്ധ്യാപകർക്ക് എട്ടിന്റെ പണികൊടുത്ത് വിദ്യാഭ്യാസ വകുപ്പ്. ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ഈമാസം 28നകം മുഴുവൻ പാഠഭാഗങ്ങളും പൂർത്തിയാക്കി റിപ്പോർട്ട് പ്രിൻസിപ്പൽമാർക്ക് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഇതോടെ 200 അദ്ധ്യയന ദിനങ്ങൾ കൊണ്ട് തീർക്കേണ്ട പാഠഭാഗങ്ങൾ ആറോ ഏഴോ ദിവസങ്ങൾ കൊണ്ട് തീർക്കേണ്ടി വരും. മാർച്ച് 30നാണ് വാർഷിക പരീക്ഷ ആരംഭിക്കുന്നത്. മാർച്ച് 16 മുതൽ മോഡൽ പരീക്ഷ തുടങ്ങും. ഇതിനിടയിൽ പാഠഭാഗങ്ങൾ എങ്ങനെ തീർക്കുമെന്ന ആശങ്കയിലാണ് അദ്ധ്യാപകർ. കഴിഞ്ഞ നവംബർ രണ്ടിനാണ് രണ്ടാംവർഷ വിദ്യാർത്ഥികളുടെ ക്ലാസുകൾ ആരംഭിച്ചത്. അതിനിടെ ഒമിക്രോൺ ഭീതിയിൽ സ്കുളുകൾ അടച്ചു. കഴിഞ്ഞ ആഴ്ചയാണ് ക്ലാസുകൾ വൈകീട്ട് വരെയാകുന്നത്. പാഠഭാഗങ്ങൾ പൂർത്തീകരിക്കുക അദ്ധ്യാപകരുടെ ചുമതലയാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ഇതിൽ കുടുങ്ങുന്നത് വിദ്യാർത്ഥികളും അദ്ധ്യാപകരും. 28നകം പാഠഭാഗങ്ങൾ തീർക്കാത്ത അദ്ധ്യാപകർ സ്പെഷ്യൽ ക്ലാസുകൾ എടുത്ത് പാഠം തീർക്കാനാണ് മറ്റൊരു നിർദ്ദേശം. നിലവിൽ തിങ്കൾ മുതൽ ശനി വരെയാണ് ക്ലാസുകൾ. അവധിയില്ലാതെ ഞായറാഴ്ചയും ക്ലാസുകൾ നടത്തിയാൽ വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കുമെന്ന കാര്യത്തിൽ സംശയമില്ല.
"ഞങ്ങൾ പഠിച്ചാലും ഇല്ലെങ്കിലും സർക്കാറിന് വേണ്ടത് കണക്കുകൾ മാത്രം. ഇത്രയും കുറഞ്ഞ ദിവസം കൊണ്ട് ക്ലാസുകൾ തീർത്താൽ പാഠഭാഗങ്ങൾ മനസിലാക്കാൻ പ്രയാസമാവും. "
അരുണിമ, വിദ്യാർത്ഥി.
"കുറഞ്ഞ ദിവസം കൊണ്ട് എങ്ങനെ പാഠഭാഗം തീർക്കാനാണ്. മാർച്ച് 10 വരെ സമയം തന്നിരുന്നെങ്കിൽ ആശ്വാസമായിരുന്നു. 28ന് റിപ്പോർട്ട് സമർപ്പിക്കേണ്ട നിർദേശം സർക്കാർ പുനഃപരിശോധിക്കണം. അദ്ധ്യാപകരെ കൂടുതൽ സമ്മർദ്ദത്തിലാക്കരുത്."
സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡന്റ് ,എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ.