പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോട് മല സംരക്ഷിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുന്നു.

ജൈവ വൈവിധ്യങ്ങളുടെ കലവറയായ ചെങ്ങോട് മലയെ ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെ സംരക്ഷണ സമിതിയുടേയും നാട്ടുകാരുടേയും വലിയ ജനകീയ പ്രതിഷേധമാണ് കോട്ടൂർ പഞ്ചായത്തിൽ നടക്കുന്നത്. എന്നാൽ ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതിയ്ക്കായി സ്വകാര്യ ക്വാറി കമ്പ നി ഉടമ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള പരിസ്ഥിതിയാഘാത നിർണയ സമിതിക്ക് അപേക്ഷ നൽകിയതാണ് വീണ്ടും പ്രതിരോധത്തിലേക്ക് നീങ്ങാൻ കാരണം. 2021 നവംബർ 2 ആണ് കമ്പനി അപേക്ഷ നൽകിയത്. ഡിസംബർ 14 ന് ഇത് മിനുട്സിൽ ഉൾപ്പെടുത്തുകയും തുടർ നടപടികൾ വളരെ വേഗത്തിൽ നടക്കുന്നുമുണ്ടെന്നുമാണ് ആക്ഷൻ കമ്മിറ്റി പറയുന്നത്.സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതിയുടെ കാലാവധി കഴിഞ്ഞതുകൊണ്ടാണ് കേന്ദ്രത്തെ സമീപിച്ചതെന്നാണ് കമ്പനി അപേക്ഷയിൽ പറയുന്നത്. ക്വാറി കമ്പനിക്ക് നാല്‌ വർഷം മുമ്പ് ജില്ലാ പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി അനുമതി നൽകിയിരുന്നു. എന്നാൽ നാട്ടുകാരുടെ ശക്തമായ സമരത്തെ തുടർന്ന് ജില്ലാ കളക്ടർ നിയോഗിച്ച വിദഗ്ധ സമിതി അനുമതി മരവിപ്പിക്കുകയായിരുന്നു. തുടർന്ന് കമ്പനി സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതി മുമ്പാകെ ഇ.സിക്കുള്ള അപേക്ഷ നൽകി. ഈ അപേക്ഷയിൽ സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതി ചെങ്ങോടുമല സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ ചെങ്ങോടുമലയിൽ ഖനനം പാടില്ലെന്ന് വ്യക്തമാക്കുകയും മല സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വിദഗ്ധ സമിതിയുടെ ശുപാർശ പാരിസ്ഥിതികാഘാത സമിതി ഇതുവരെ അംഗീകരിച്ചിട്ടില്ല. ക്വാറി കമ്പനിയുടെ വാദം കേട്ട ശേഷം തീരുമാനമെടുക്കുമെന്നാണ് പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി അറിയിച്ചത്. എന്നാൽ തീരുമാനമെടുക്കും മുമ്പെ സമിതിയുടെ കാലാവധി കഴിഞ്ഞു. ഈ തക്കം മുതലെടുത്താണ് കമ്പനി കേന്ദ്രത്തിൽ അപേക്ഷ നൽകിയതെന്നാണ് ആരോപണം. വിദഗ്ധ സമിതി ഇ.സി നൽകാനുള്ള അപേക്ഷ തള്ളാൻ ശുപാർശ ചെയ്തതോടെ നാട്ടുകാർ വലിയ ആശ്വാസത്തിലായിരുന്നു. എന്നാൽ വീണ്ടും ഇ.സിക്ക് വേണ്ടിയുള്ള അപേക്ഷയുമായി കമ്പനി കേന്ദ്രത്തെ സമീപിച്ചതോടെ നാട്ടുകാർ ആശങ്കയിലാണ്. ക്വാറി കമ്പനി പൊളിച്ച കുടിവെള്ള ടാങ്ക് ചെങ്ങോടുമലയിൽ പുന:സ്ഥാപിക്കുകയും വിദഗ്ധ സമിതിയുടെ നിർദ്ദേശ പ്രകാരം ചെങ്ങോടുമല സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കുകയും ചെയ്യണമെന്നാണ് സമരസമിതിയുടെ ആവശ്യം. പരിസ്ഥിതി ദുർബല പ്രദേശമായ മലയിൽ ക്വാറിക്ക് അനുമതി നൽകിയാൽ ആവാസവ്യവസ്ഥയെ ബാധിക്കുകയും ജൈവവൈവിധ്യത്തെ തന്നെ തകിടം മറിക്കുകയും ചെയ്യും.

ചെങ്ങോട്ടുമല സർക്കാർ ഏറ്റെടുത്ത് ടൂറിസ്റ്റ് കേന്ദ്രമായി സംരക്ഷിക്കണം : കുഞ്ഞിക്കണ്ണൻ ചെറുക്കാട്(മനുഷ്യാവകാശ പ്രവർത്തകൻ) ചെങ്ങോട് മലസംരക്ഷണത്തിനായി പ്രതിഷേധ സമരങ്ങൾ നടത്തിവരികയാണ്. എന്നാൽ സ്വകാര്യ കമ്പനി കേന്ദ്രാനുമതിക്കായി ശ്രമിക്കുന്നു. ചെങ്ങോട് മല കേവലംപാറക്കു വേണ്ടി ഇല്ലാതാക്കിയാൽ വലിയ ദുരന്തങ്ങൾ നാട്ടുകാർ അനുഭവിക്കേണ്ടിവരുമെന്ന കാര്യത്തിൽ തർക്കമില്ല.ചെങ്ങോട്ടുമലയും വേയപ്പാറയും സ്വകാര്യ വ്യക്തികളിൽ നിന്നും സർക്കാർ ഏറ്റെടുത്ത് ടൂറിസ്റ്റ് കേന്ദ്രമായി സംരക്ഷിക്കണം