കൽപ്പറ്റ: കുറുക്കൻമൂലയിലെ ആദിവാസി യുവതി ശോഭയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. എന്നാൽ കേസന്വേഷണം ഈ ഉദ്യോഗസ്ഥൻ തന്നെ തുടരുന്ന സാഹചര്യത്തിൽ അന്വേഷണത്തിൽ നിന്ന് അദ്ദേഹത്തെ മാറ്റാൻ നീക്കം നടക്കുന്നതായി ഊരു സമിതി കൺവീനർ കെ.ജെ.സിന്ധു, സമര സഹായ സമിതി കൺവീനർ പി.പി.ഷാന്റോലാൽ എന്നിവർ പറഞ്ഞു. ഇത് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് അവർ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് മാത്രം കേസെടുക്കുകയും തെളിവുകൾ നശിപ്പിക്കാൻ കൂട്ട് നിൽക്കുകയും ചെയ്ത ലോക്കൽ പൊലീസിൽ നിന്നാണ് കേസ് ക്രൈംബ്രാഞ്ചിൽ എത്തിയത്. 2021 സെപ്തംബർ 9 മുതൽ അന്വേഷണം ആരംഭിച്ച ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ടീമാണ് അന്വേഷണത്തിൽ പുരോഗതി ഉണ്ടാക്കിയത്. പ്രാഥമിക അന്വേഷണത്തിൽ ഉണ്ടായ വീഴ്ച്ച ഡി.ജി.പിക്ക് റിപ്പോട്ട് ചെയ്യുകയും ചെയ്തിരുന്നു. മറ്റൊരു ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസിലും അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനാണ് സ്ഥലംമാറ്റപ്പെട്ടത്. ഉദ്യോഗസ്ഥനെ തിരികെ നിയമിച്ച് അന്വേഷണ തുടരാൻ നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.