കൽപ്പറ്റ: എടവക കുടുംബരോഗ്യകേന്ദ്രം പരിധിയിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീനയുടെ നേതൃത്വത്തിലുളള സംഘം കുടുംബരോഗ്യ കേന്ദ്രവും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശവും സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രദേശത്ത് മാർച്ച് 2 വരെ തുടർച്ചയായി ഫീവർ സർവ്വേ നടത്തും. റിപ്പോർട്ട് ചെയ്യുന്ന എല്ലാ പനികളും രോഗനിർണയം നടത്താൻ ഡി.എം.ഒ നിർദ്ദേശിച്ചു. വെക്ടർ സർവ്വേയ്ക്ക് ആശാവർക്കർമാരെയും ഉൾപ്പെടുത്തി സമഗ്രമായി നടത്തണം. ഡെങ്കി ബാധിത പ്രദേശത്തു നിന്ന് വരുന്നവരെ കൃത്യമായി നിരീക്ഷിക്കേണ്ട ആവശ്യകത ആശമാരെ ബോധ്യപ്പെടുത്തി മുൻകരുതൽ നടപടികൾ സ്വീകരിക്കും. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത വീടുകളിലും അയൽവീടുകളിലും സ്‌പ്രെയിംഗ് നടത്തും. വാർഡ് ഹെൽത്ത് ഫണ്ട് ഉപയോഗിച്ചാണ് പ്രദേശത്ത് പ്രതിരോധപ്രവർത്തനങ്ങൾ നടത്തുക.

ഡി.എം.ഒയുടെ അദ്ധ്യക്ഷതയിൽ കുടുംബരോഗ്യ കേന്ദ്രത്തിൽ ചേർന്ന അവലോകന യോഗത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.ദിനീഷ്, ജില്ലാ സർവെയലൻസ് ഓഫീസർ ഡോ. അംജിത്ത് രാജീവ്, ടെക്നിക്കൽ അസിസ്റ്റന്റ്മാരായ സി.സി.ബാലൻ, കെ.എം.ഷാജി, എടവക കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സഗീർ, എപിഡമോളജിസ്റ്റ് സിബിൻ, വാർഡ് മെമ്പർ അഹമ്മദ്കുട്ടി ബ്രാൻ, ഹെൽത്ത് ഇൻസ്‌പെക്ടർ മഞ്ജുനാഥ് തുടങ്ങിയവർ പങ്കെടുത്തു.

പനി വന്നാൽ ആരും സ്വയം ചികിൽസിക്കരുതെന്നും ആരോഗ്യ കേന്ദ്രത്തിലെത്തി ആവശ്യമായ ചികിത്സ ഉറപ്പ് വരുത്തണമെന്നും ഡി.എം.ഒ അറിയിച്ചു.