സുൽത്താൻ ബത്തേരി: ആദിവാസികളുടെ ഭൂപ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ വീണ്ടുമൊരു ഭൂസമരത്തിലേക്ക് ആദിവാസികൾക്ക് ഇറങ്ങേണ്ടിവരുമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാക്കളായ സി.കെ.ജാനുവും കെ.ഗീതാനന്ദനും. മുത്തങ്ങ ഭൂസമരത്തിന്റെ 19-ാം വാർഷികത്തോടനുബന്ധിച്ച് മുത്തങ്ങ തകരപ്പാടിയിൽ നടന്ന ജോഗി അനുസ്മരണ പ്രഭാഷണം നടത്തവെയാണ് വീണ്ടുമൊരു ഭൂസമരത്തെപ്പറ്റി ഇരുവരും സൂചിപ്പിച്ചത്.
മുത്തങ്ങ ഭൂ സമരത്തിന് രണ്ട് പതിറ്റാണ്ട് തികയുമ്പോഴും സർക്കാരുകൾ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ലെന്ന് ജാനു പറഞ്ഞു.
മുത്തങ്ങ സമരത്തെ തുടർന്ന് നിരവധി സർവ്വേകൾ നടത്തി ആദിവാസികൾക്ക് വിതരണം ചെയ്യുന്നതിനായി ഭൂമികൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇതൊന്നും വിട്ടുകൊടുക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞില്ല. ഭൂമി വിട്ടുനൽകാൻ നിയമവ്യവസ്ഥകളും കരാറുകളും ഉണ്ടാക്കിയ ഭരണാധികാരികൾ തന്നെ അത് ലംഘിക്കുന്നു. അതിനാൽ ഭരണകർത്താക്കൾക്കെതിരെ നിയമലംഘനത്തിന് കേസെടുക്കുകയാണ് വേണ്ടത്.
ഭുരഹിതരായവർക്ക് വിതരണം ചെയ്യുന്നതിനായി ഭൂമി കണ്ടെത്തി ഫണ്ടും വകയിരുത്തി അതിനായി പദ്ധതികളും കൊണ്ടുവന്നു. പക്ഷേ മാറി മാറി വന്ന സർക്കാരുകൾ ഇതൊന്നും നടപ്പാക്കുന്നില്ലെന്ന് എം.ഗീതാനന്ദൻ പറഞ്ഞു. ഇതിനെല്ലാം കാരണം ആദിവാസികൾക്ക് വേണ്ടി സംസാരിക്കാൻ ഒരു എംപിയോ ,എംഎൽഎയോ ഇല്ലാത്തതാണ്.
ജോഗി സ്തൂപത്തിന് മുന്നിൽ നടന്ന പൂജയ്ക്ക് ചന്ദ്രൻ കാര്യമ്പാടി നേതൃത്വം നൽകി. ജനാർദ്ദനൻ, സി.എസ്.മുരളി എന്നിവർ സംസാരിച്ചു. മണികണ്ഠന്റെ നേതൃത്വത്തിൽ നാടൻപാട്ടുമുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം പ്രവർത്തകർ തകരപ്പാടിയിലെത്തിയിരുന്നു.