തുറന്നുവിട്ടത് അമ്മക്കടുവയ്ക്ക് സമീപം

സുൽത്താൻ ബത്തേരി: മന്ദംകൊല്ലി ജനവാസമേഖലയിലെ കുഴിയിൽ വീണ ആറ് മാസം പ്രായമുള്ള കടുവക്കുട്ടിയെ കാട്ടിൽ തുറന്നുവിട്ടു. ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് ഉൾവനത്തിലെത്തിച്ച കടുവക്കുട്ടിയെ അമ്മയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചശേഷം തുറന്ന് വിട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരമുതൽ ശനിയാഴ്ച പുലർച്ചെവരെ കടുവക്കുട്ടിയുമായി കാവലിരുന്നാണ് കാട്ടിൽ വിട്ടത്.
കുട്ടിക്ക് ആറ് മാസം മാത്രം പ്രായമുള്ളതിനാൽ അമ്മ കടുവയുടെ സമീപത്ത് മാത്രമെ തുറന്നുവിടൂവെന്ന തീരുമാനത്തിലായിരുന്നു വനം വകുപ്പ്. ഒറ്റയ്ക്ക് വനത്തിൽ വിട്ടാൽ മറ്റ് മൃഗങ്ങൾ ആക്രമിക്കാൻ സാധ്യതയുള്ളതിനാലാണ് അമ്മയുടെ സാന്നിദ്ധ്യത്തിനായി കാത്തിരുന്നത്. വനത്തിലെത്തി മണിക്കുറുകൾക്കകം കടുവയുടെ കരച്ചിൽ കേട്ടങ്കിലും അമ്മകടുവയാണോ എന്ന് സ്ഥിരീകരിക്കാനായില്ല. തുടർന്ന് കടുവക്കുട്ടി വീണ കുഴിയുടെ സമീപത്തും കടുവയുടെ സഞ്ചാരപഥങ്ങളിലുമായി എട്ടോളം കാമറകൾ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ചു. രാത്രി 12 മണിയോടെ കുഴിയുടെ ഭാഗത്ത് നിന്ന് കടുവയുടെ കരച്ചിൽ കേൾക്കുകയും കുട്ടി ഇതിനോട് പ്രതികരിക്കുകയും ചെയ്തു. ഇതോടെ അമ്മകടുവയാണെന്ന് സ്ഥിരീകരിച്ചു.
കൂട്ടിലാക്കിയ കുട്ടിയേയും കൊണ്ട് വനത്തിലെത്തി കൂടിന്റെ വാതിൽ വലിച്ചുതുറക്കുന്നതിനായി ബന്ധിച്ച കയറുമായി മരത്തിന് മുകളിലെ മച്ചാനിൽ രണ്ട്‌പേരും ചുവട്ടിൽ കുറച്ചകലെയായി മറ്റ് വനപാലകരും കാവലിരുന്നു. സമീപത്ത് അമ്മകടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചശേഷം കുട്ടിയെ തുറന്ന് വിടുകയായിരുന്നു. സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം, ആർആർടി റെയിഞ്ചർ എൻ.രൂപേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ കാട്ടിൽ തുറന്നുവിട്ടത്.