minister
കോട്ടൂളി സിൽക്ക് മന്ദിറിന് പിന്നിലെ തണ്ണീർത്തടത്തിൽ മണ്ണിട്ട സ്ഥലം മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചപ്പോൾ

കോഴിക്കോട്: കോട്ടൂളിയിലെ തണ്ണീർത്തടം നികത്താനുള്ള ശ്രമം തടഞ്ഞ് മന്ത്രി. ഇന്നലെ സ്ഥലം സന്ദർശിച്ച മന്ത്രി അഹമ്മദ് ദേവർകോവിൽ മണ്ണ് മാറ്റുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

ഗുരുതര പ്രശ്നമാണ് കോട്ടൂളിയിലേതെന്ന് ബോദ്ധ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. വീഴ്ച വരുത്താതെ റവന്യൂ ഉദ്യോഗസ്ഥർ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ണ് പൂർണമായി മാറ്റി പഴയ നില പുനസ്ഥാപിക്കണമെന്ന് കഴിഞ്ഞ ദിവസം നഗരസഭാ കൗൺസിൽ യോഗത്തിൽ മേയർ ഡോ.ബീന ഫിലിപ്പും നിർദ്ദേശം നൽകിയിരുന്നു. കെ.ടി.സുഷാജിന്റെ ശ്രദ്ധ ക്ഷണിക്കലിനെ തുടർന്നായിരുന്നു നടപടി. മണ്ണിടൽ തടയുന്നവരെ വണ്ടി കയറ്റി കൊല്ലുമെന്ന് വരെ ഭയമുണ്ടെന്നും കഴിഞ്ഞ ആഗസ്റ്റിൽ ഇത്തരം ശ്രമം ഉണ്ടായെന്നും കൗൺസിലർ പറഞ്ഞു. ആക്രമണത്തിന് ശ്രമിച്ച വണ്ടിയുടെ നമ്പറടക്കം നൽകിയിട്ടും നടപടിയുണ്ടായില്ല. ആൾ താമസമില്ലാത്ത ഭാഗമായതിനാൽ രാത്രി മണ്ണിട്ട് കഴിഞ്ഞാൽ മാത്രമേ നാട്ടുകാർ വിവരമറിയുന്നുള്ളു. നഗരത്തിൽ പലയിടത്തായി ചിതറിക്കിടക്കുന്ന തണ്ണീർത്തടത്തിൽ ഏറെയും നികത്തി വൻ കെട്ടിടങ്ങളടങ്ങൾ ഉയർന്നുകഴിഞ്ഞു. ബാക്കി ഭാഗമെങ്കിലും സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് തങ്ങളെന്ന് കൗൺസിലർ കെ.ടി.സുഷാജ് പറഞ്ഞു.