photo
വൃത്തിയാക്കി വീണ്ടെടുത്ത അരിക്കുളം

കോഴിക്കോട്: അങ്ങനെ ഒരു ജലാശയം കൂടി നാടിന് സമ്പത്തായി. കോർപ്പറേഷനും ജനങ്ങളും ഒരുമിച്ചുനിന്നപ്പോൾ പുതുജീവൻ കിട്ടിയത് കോർപ്പറേഷനിലെ 43ാം വാർഡിൽ ശാരദ മന്ദിരം റഹ്മാൻ ബസാർ റോഡിലെ അരിക്കുളം ജലാശയത്തിന്. കഴിഞ്ഞ 25 വർഷത്തോളമായി മാലിന്യവും പായലും നിറഞ്ഞ് ഉപയോഗശൂന്യമായിക്കിടന്ന ജലാശയത്തിന് പ്രദേശവാസികളുടെ നിരന്തര മുറവിളിക്കൊടുക്കമാണ് ഇപ്പോൾ ജീവൻ വെച്ചത്. കോർപ്പറേഷന്റെയും ജില്ലാ ഹരിതകേരള മിഷന്റെയും നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെയായിരുന്നു പ്രവർത്തനം. 38 സെന്റോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന കുളത്തിന്റെ ശുചീകരണ പ്രവർത്തനം കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി.രാജൻ ഉദ്ഘാടനം ചെയ്തു.

നൂറ് വർഷം മുമ്പ് 50 ഏക്കറോളം പുഞ്ചകൃഷി നടത്തിയിരുന്ന കാലത്ത് ജലസേചനത്തിനായി പമ്പ് ഹൗസ് സംവിധാനമടക്കമുള്ള ഈ പൊതുകുളം ഉപയോഗിച്ചിരുന്നു. എന്നാൽ കൃഷിവഴിമാറുകയും കുളം അപ്രസക്തമാവുകയും ചെയ്തതോടെ മാലിന്യവും പായലും നിറഞ്ഞ് ഉപയോഗശൂന്യമാവുകയായിരുന്നു. ഹരിത കേരളം മിഷന്റെ പൊതുകുളങ്ങളുടെ പുനരുജ്ജീവനം, കോർപ്പറേഷന്റെ ശുചിത്വ പ്രോട്ടോക്കോൾ പദ്ധതി എന്നിവയിലുൾപ്പെടുത്തിയാണ് ഇപ്പോൾ ശുചീകരണം നടത്തിയത്. പ്രദേശവാസികളും കോർപ്പറേഷൻ ആരോഗ്യ വിഭാഗം ജീവനക്കാരും ഹരിതകേരളം മിഷൻ അംഗങ്ങളും പങ്കാളികളായി. കോർപ്പറേഷന്റെ 2021 വർഷത്തെ പ്ലാൻ ഫണ്ടിൽ 20 ലക്ഷം രൂപ വകയിരുത്തി സംരക്ഷണ ഭിത്തി കെട്ടാൻ ടെൻഡറായിട്ടുണ്ട്. ഭാവിയിൽ കൂടുതൽ ഫണ്ടുകൾ സമാഹരിച്ച് അരിക്കുളം സൗന്ദര്യവത്ക്കരിക്കുകയാണ് ലക്ഷ്യം.