കൽപ്പറ്റ: ഒരേ സമയം 6 കുടുംബങ്ങളിൽ വിവാഹം നടത്തി മാതൃകയായി കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി. വൈത്തിരി താലൂക്കിലെ പാവപ്പെട്ട കുടുംബങ്ങളിലെ 6 പെൺകുട്ടികളാണ് അവരവരുടെ വിശ്വാസ പ്രകാരം ഇന്നലെ പുതിയ ജീവതത്തിലേയ്ക്ക് കാലെടുത്തുവച്ചത്. ഓരോ പെൺകുട്ടികൾക്കും 5 പവൻ സ്വർണാഭരണവും,വരനും വധുവിനും ധരിക്കാനുള്ള പുതു വസ്ത്രം, വിവാഹ ദിവസത്തെ ചെലവുകൾ തുടങ്ങിയവയും ചാരിറ്റബിൾ സൊസൈറ്റിയാണ് നൽകിയത്. വിവാഹത്തിൽ പങ്കെടുത്ത ആറു വീടുകളിലും വിവാഹ സദ്യ കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തകർ വിതരണം ചെയ്തു. വിവാഹ കർമ്മങ്ങൾക്ക് ആറ് വീടുകളിലായി പാവക്കുളം ജനാർദ്ദനൻ ഇമ്പ്രാതിരി, പാണക്കാട് ഷബീറലി ശിഹാബ് തങ്ങൾ, മുസ്തഫ ഫൈസി പൊഴുതന, ഇബ്രാഹിം ദാരിമി, ജലീൽ സഹദി, അബ്ദുൽ ഖാദർ മൗലവി തുടങ്ങിയവർ നേതൃത്വം നൽകി.
വിവാഹസംഗമത്തിന് മാംഗല്യം സംഘാടക സമിതി ചെയർമാൻ കെ.പി.മുഹമ്മദ്, ജനറൽ കൺവീനർ സൂപ്പി കല്ലങ്കോടൻ, ഫിനാൻസ് കൺവീനർ സലീം അറക്കൽ, കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് യു.കെ.ഹാഷിം, സെക്രട്ടറി റഫീഖ് തന്നാണി എന്നിവർ നേതൃത്വം നൽകി. കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ജീവകാരുണ്യ നിരവധി സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നുണ്ട്. കൊവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ വിവിധ വകുപ്പുകളുടെ നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്.